കഴിഞ്ഞ മാസം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലി ബ്രോഡിന്‍റെ ടോപ് 10 പട്ടികയില്‍ സ്റ്റീവ് സ്മിത്തിനും മുകളില്‍ നാലാം സ്ഥാനം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇംഗ്ലണ്ടിലെ ലീഡ്സില്‍ തുടക്കമായതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. രണ്ട് ഇന്ത്യൻ താരങ്ങളും രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളും രണ്ട് ഇംഗ്ലണ്ട് താരങ്ങളും ബ്രോഡിന്‍റെ പട്ടികയിലുണ്ട്.

ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത്. ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനെന്ന സച്ചിന്‍റെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഇംഗ്ലണ്ട് താരങ്ങള്‍. ഈ സാഹചര്യത്തിലാണ് ബ്രോഡ് റൂട്ടിനെ ഒന്നാമനായി തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സടിച്ച സച്ചിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമത്. ടെസ്റ്റില്‍ 13006 റണ്‍സാണ് നിലവില്‍ ജോ റൂട്ടിന്‍റെ സമ്പാദ്യം.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് ബ്രോഡ് മൂന്നാമനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലി ബ്രോഡിന്‍റെ ടോപ് 10 പട്ടികയില്‍ സ്റ്റീവ് സ്മിത്തിനും മുകളില്‍ നാലാം സ്ഥാനം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കാണ് അഞ്ചാമത്. സ്റ്റീവ് സ്മിത്ത് ആറാമതുള്ളപ്പോള്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര ബ്രോഡിന്‍റെ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്.

Scroll to load tweet…

ന്യൂസിലന്‍ഡ് താരം കെയ്ൻ വില്യംസണ്‍ ആണ് എട്ടാമത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ട് ഇതിഹാസം ജാക്വസ് കാലിസ് ഒമ്പതാമതും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ പത്താമതുമടങ്ങുന്നതാണ് ബ്രോഡിന്‍റെ ടെസ്റ്റിലെ ടോപ് 10 ബാറ്റര്‍മാരുടെ പട്ടിക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക