യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ബ്രോഡിന്‍റെ പ്രതികരണം എന്താകും എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. 

ലണ്ടന്‍: ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു സംഭവമുണ്ട്. 2007 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗ് ഒരോവറില്‍ നേടിയ ആറ് സിക്‌സറുകള്‍ ഇന്നും ബ്രോഡിന്‍റെ ഉറക്കം കെടുത്തും എന്നുറപ്പ്. യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ബ്രോഡിന്‍റെ പ്രതികരണം എന്താകും എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. 

View post on Instagram

'വിശ്രമകാലം ആസ്വദിക്കൂ... ഇതിഹാസം' എന്നായിരുന്നു ബ്രോഡിന്‍റെ ട്വീറ്റ്. ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ യുവി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് താണ്ഡവമാടുകയായിരുന്നു. ബ്രോഡ് എറിഞ്ഞ ഓവറില്‍ ആറ് പന്തും സിക്‌സര്‍ നേടി യുവി ഞെട്ടിച്ചു. 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കി. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 

304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകര്‍ത്താന്‍ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു.