പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്ത് ഉയര്‍ന്നുകേട്ട പേരാണ് മലയാളിയായ ശ്രേയസ് അയ്യരുടേത്. എന്നാല്‍ ഋഷഭ് പന്തിനെ പരിഗണിച്ചപ്പോഴും ശ്രേയസിന് നറുക്കുവീണില്ല. ലോകകപ്പിന് ശേഷം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അവസരം കിട്ടിയപ്പോള്‍ മറുപടി കൊടുക്കുകയാണ് ശ്രേയസ്. രണ്ടാം ഏകദിനത്തില്‍ നിര്‍ണായകമായ 71 റണ്‍സ് ശ്രേയസ് നേടി. 

ലോകകപ്പ് ടീമില്‍ ശ്രേയസിന് ഇടംലഭിക്കാതിരുന്നതില്‍ അത്ഭുതപ്പെടുന്ന ഒരു മുന്‍ താരവുമുണ്ട്. പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍ ഏകദിനത്തിന് ശേഷം ശ്രേയസിന്‍റെ പ്രകടനത്തെ കുറിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്‍റെ വാക്കുകളിങ്ങനെ. 'വിന്‍ഡീസിനെതിരായ പ്രകടനത്തോടെ ടീമില്‍ സ്ഥിരം സ്ഥാനം ശ്രേയസിന് ലഭിച്ചില്ലെങ്കില്‍ എന്താകുമെന്ന് അറിയില്ല. ഇതിന് മുമ്പുള്ള അഞ്ച് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടി. ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്താന്‍ അദേഹം മോശം പ്രകടനമൊന്നും കാഴ്‌ചവെച്ചിട്ടില്ല'- ഗാവസ്‌കര്‍ പറഞ്ഞു. 

രണ്ടാം ഏകദിനത്തില്‍ ശ്രേയസ് ലഭിച്ച അവസരം മുതലാക്കി. കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. മധ്യനിരയില്‍ ശ്രേയസിന് മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാനാകുമെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. രണ്ടാം ഏകദിനം ഇന്ത്യ മഴനിയമപ്രകാരം 59 റണ്‍സിന് ജയിച്ചപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് 71 റണ്‍സ് നേടി. ശ്രേയസ്- കോലി സഖ്യം 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിയുടെ 42-ാം ഏകദിന സെഞ്ചുറിയും(120 റണ്‍സ്) ഭുവിയുടെ നാല് വിക്കറ്റുമാണ് ഇന്ത്യയെ ജയിപ്പിച്ചത്.