ദില്ലി: ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടാന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന്റ ഉപദേശം സഹായിച്ചെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖ്. 1992ലെ ലോകകപ്പ് നേടത്തിന് പിന്നാലെയുണ്ടായ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗവാസ്‌കറിന്റെ ഉപദേശം തുണയായത്. ലോകകപ്പില്‍ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ താന്‍ ബുദ്ധിമുട്ടിയിരുന്നു. 

'ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഇംഗ്ലണ്ട് പര്യടനം. ആദ്യമായാണ് ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നത്. ഇംഗ്ലണ്ട് പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് ധാരണയുണ്ടായിരുന്നില്ല. ഷോര്‍ട്ട് പിച്ച് ബോളുകളില്‍ നേരിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു ചാരിറ്റി മത്സരത്തിനിടെയാണ് ഗവാസ്‌കറിനെ കാണുന്നത്. മത്സരത്തിനിടെ അദ്ദേഹത്തോട് തന്റെ പ്രയാസം പറഞ്ഞു. ബൗണ്‍സറുകളോ ഷോര്‍ട്ട് പിച്ച് ബോളുകളോ വരുമ്പോള്‍ അത് കെണിയാണെന്ന് ഒരിക്കലും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. ബൗളര്‍ ബൗള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഓട്ടോമാറ്റിക്കായി മനസ്സിലാക്കും എന്നായിരുന്നു ഉപദേശം. അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് നെറ്റ്‌സില്‍ പരിശീലിച്ചു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മാനസികമായി ധൈര്യം നേടി, അതിന് ശേഷം വിരമിക്കുന്നത് വരെ ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിന് വെല്ലുവിളി തോന്നിയിട്ടില്ല'-ഇന്‍സമാം പറഞ്ഞു.

120 മത്സരങ്ങളിലും 378 ഏകദിനങ്ങളിലും ഇന്‍സമാം പാകിസ്ഥാനുവേണ്ടി പാഡണിഞ്ഞു. ഏകദനിത്തില്‍ 11739 റണ്‍സും ടെസ്റ്റില്‍ 8830 റണ്‍സും നേടി. ഗവാസ്‌കറിന് പിറന്നാള്‍ ആശംസകളും ഇന്‍സമാം നേര്‍ന്നു.