മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്ന് തുറന്നടിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അശ്വിന്‍റെയും ടി നടരാജന്‍റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ ഗവാസ്കറുടെ തുറന്നുപറച്ചില്‍. 

ആര്‍ അശ്വിന്‍റെ കാര്യം തന്നെയെടുക്കു. അശ്വിന്‍റെ ബൗളിംഗ് മികവിനെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ ഒരു മത്സരത്തില്‍ തിളങ്ങാനായില്ലെങ്കില്‍ അശ്വിന്‍റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പടും. എന്നാല്‍ ഇതേ നിയമം ടീമില്‍ സ്ഥിര സാന്നിധ്യമായ ചില ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ ബാധകമല്ല.

അതുപോലെ തന്നെയാണ് ടി നടരാജന്‍റെ കാര്യവും. ഐപിഎല്‍ പ്ലേ ഓഫ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് നടരാജന്‍ അദ്യത്തെ കുഞ്ഞിന്‍റെ അച്ഛനായത്. എന്നാല്‍ ഐപിഎല്ലിനുശേഷം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നടരാജന് തന്‍റെ കുട്ടിയെ കാണാന്‍ പോകാനായില്ല. ബയോ സര്‍ക്കിള്‍ ബബ്ബിള്‍ ലംഘിക്കാനാവാത്തതിനാല്‍ നടരാജന് ഐപിഎല്‍ കഴിഞ്ഞ് നേരെ ഓസ്ട്രേലിയയിലേക്ക് പറക്കേണ്ടിവന്നു. 

ഓസ്ട്രേലിയന്‍ പര്യടനത്തിലേക്ക് നെറ്റ് ബൗളറായാണ് അദ്ദേഹത്തെ ആദ്യം തെരഞ്ഞെടുത്തത് എന്നോര്‍ക്കണം. പിന്നീട് ഏകദിന, ടി20 ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ടീമിലില്ലെങ്കിലും നെറ്റ് ബൗളറായി തുടരുന്നതിനാല്‍ അദ്ദേഹത്തിന് ഇനിയും തന്‍റെ മകളെ ഒരുനോക്കു കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങിയ പശ്ചാത്തലത്തില്‍ ആണ് ഗവാസ്കറുടെ വിമര്‍ശനം എന്നത് പ്രസക്തമാണ്. കോലിയുടേതിന് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ അന്ന് രാജ്യത്തിനുവേണ്ടി കളിക്കാനാണ് താന്‍ തീരുമാനിച്ചതെന്നും ഗവാസ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.