സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. 1975-76ല്‍ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന കാലത്താണ് ഗവാസ്കര്‍ക്ക് മകന്‍ രോഹന്‍ ഗവാസ്കര്‍ ജനിച്ചത്. എന്നാല്‍ ഭാര്യയുടെ പ്രസവ സമയത്തോ കുഞ്ഞിനെ കാണാനോ ഗവാസ്കര്‍ ഇന്ത്യയിലേക്ക് വന്നിരുന്നില്ല. ഇക്കാര്യം മുന്‍ നായകനായ കപില്‍ദേവും ചൂണ്ടിക്കാട്ടിയിരുന്നു.

മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തിലാണ് കോലിയുടെ പിതൃത്വ അവധി സംബന്ധിച്ച് ഗവാസ്കര്‍ നിലപാട് വ്യക്തമാക്കിയത്. 1975-76 കാലത്ത് ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകളില്‍ കളിക്കാനായി വിദേശത്തായിരുന്നു ഞാന്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെയാണ് മകന്‍ രോഹന്‍ ഗവാസ്കര്‍ ജനിക്കുന്നത്. എന്നാല്‍ അന്ന് എനിക്ക് ബിസിസിഐ പിതൃത്വ അവധി അനുവദിക്കുകയോ ഞാന്‍ അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. അനുവദിച്ചാലും രാജ്യത്തിനായി കളിക്കാനായിരുന്നു എന്‍റെ തീരുമാനം. ഭാര്യയും എന്‍റെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് നാലാഴ്ച പൂര്‍ണ വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ നാട്ടില്‍ പോയി ഭാര്യയെയും മകനെയും കാണാന്‍ അനുവദിക്കാമോ എന്ന് ടീം മാനേജരായിരുന്ന പോളി ഉമ്രിഗറോട് ആവശ്യപ്പെട്ടത്. ഏതാനും ദിവസത്തേക്ക് എന്‍റെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും വെസ്റ്റ് ഇന്‍ഡീസില്‍ ടീമിനൊപ്പം ചേരാമെന്നുമായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

പരിക്ക് കാരണം നഷ്ടമാകുന്ന ടെസ്റ്റ് അല്ലാതെ മറ്റ് കാരണങ്ങള്‍ കൊണ്ട് മത്സരം നഷ്ടമാകുകയുമില്ല. കാരണം പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നതിനാല്‍ നാലാഴ്ചയോളം എനിക്ക് പരിശീലനം നടത്താന്‍ പോലും കഴിയുമായിരുന്നില്ല. വെസ്റ്റ് ഇന്‍‍ഡീസിനെതിരായ അടുത്ത പരമ്പരക്ക് മൂന്നാഴ്ച സമയമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ഒരാഴ്ച കൂടി വിശ്രമം വേണമെന്ന് പറഞ്ഞെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ താന്‍ കളിക്കുകയും ചെയ്തുവെന്ന് ഗവാസ്കര്‍ കോളത്തില്‍ വ്യക്തമാക്കി.

ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തുന്നത്. മൂന്ന് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ടെന്നതിനാല്‍ കോലി പിതൃത്വ അവധിയെടുത്ത് മടങ്ങുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.