മുംബൈ: വിരാട് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തെ ചോദ്യം ചെയ്ത് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി കോലിയെ തന്നെ നിയമിച്ചതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. ലോകകപ്പിന് ശേഷം ഒരു കൂടിയാലോചന പോലും നടത്താതെ കോലിയെ തന്നെ ക്യാപ്റ്റനാക്കിയത് ശരിയായില്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. 

കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്റെയും സെലക്ഷന്‍ കമ്മിറ്റിയുടെയും ആഗ്രഹം നോക്കിയാണെന്നും ഗവാസ്‌കര്‍ ആരോപിച്ചു. അദ്ദേഹം തുടര്‍ന്നു.. ''ലോകകപ്പ് വരെയാണ് കോലിയെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ ലോകകപ്പിന് ശേഷം അദ്ദേഹം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. അങ്ങനെ തുടരാന്‍ അനുവാദം നല്‍കിയെങ്കില്‍ തന്നെ ഒരു കൂടിയാലോചനയെങ്കിലും നടത്തണമായിരുന്നു. 

ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയും ശരിയായ തീരുമാനങ്ങളെടുക്കുന്നില്ല. ലോകകപ്പ് തോല്‍വിക്ക് സെലക്ഷന്‍ കമ്മിറ്റിക്കും പങ്കുണ്ട്.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.