ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം താരത്തിന്‍റെ തിരിച്ചുവരവാകും കിവീസിനെതിരായ ടി20 പരമ്പര

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) റണ്‍വേട്ടക്കാരനായിരുന്നിട്ടും ടി20 ലോകകപ്പില്‍(T20 World Cup 2021) റുതുരാജ് ഗെയ്‌ക്‌വാദിനെ(Ruturaj Gaikwad) ടീം ഇന്ത്യ(Team India) ഉള്‍പ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ(New Zealand Tour of India 2021) വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഗെയ്‌ക്‌വാദിന് ഇന്ത്യ അവസരം നല്‍കി. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം താരത്തിന്‍റെ തിരിച്ചുവരവാകും കിവീസിനെതിരായ പരമ്പര. റുതുരാജിനെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യക്ക് ഭാവിയില്‍ ആശ്രയിക്കാന്‍ കഴിയുമെന്നാണ് ഇതിഹാസ താരവും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കറുടെ(Sunil Gavaskar) നിരീക്ഷണം. 

'അദേഹമൊരു മികച്ച പ്രതിഭയാണ് എന്നാണ് എന്‍റെ വിശ്വാസം. മൂന്ന് ഫോര്‍മാറ്റിലും താരത്തിന് ഭാവിയില്‍ കളിക്കാനാകും. മികച്ച ഷോട്ടുകളും ഷോട്ട് സെലക്ഷനും താരത്തിനുണ്ട്. അദേഹത്തിന് സാങ്കേതികതയും ഏത് സമ്മര്‍ദവും അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. രാജ്യാന്തര ക്രിക്കറ്റര്‍ എന്ന നിലയില്‍ റുതുരാജ് ഗെയ്‌ക്‌വാദ് തന്‍റെ കരിയര്‍ എങ്ങനെ വളര്‍ത്തിയെടുക്കും എന്നത് ആകാംക്ഷയുണര്‍ത്തുന്നു' എന്നും ഗാവസ്‌കര്‍ സ്‌പോര്‍ട്‌സ് ടുഡേയോട് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ 2021 സീസണില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് റുതുരാജ് ഗെയ്‌ക്‌വാദിനായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ 24കാരനായ താരം 16 ഇന്നിംഗ്‌സുകളില്‍ നിന്ന് 635 റണ്‍സ് അടിച്ചുകൂട്ടി. ഒരു ശതകവും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്. ശ്രീലങ്കന്‍ പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തിളങ്ങാനാവാതെ പോയ റുതുരാജിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര.

റുതുരാജ് ഗെയ്‌ക്‌വാദിന് പുറമെ ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും ആവേഷ് ഖാനും ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും കിവീസിനെതിരായ ഇന്ത്യന്‍ ടി20 ടീമിലിടം പിടിച്ചിട്ടുണ്ട്. ഐപിഎല്‍ സീസണില്‍ 32 പേരെ മടക്കി ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു ഹര്‍ഷല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടയുടെ റെക്കോര്‍ഡിനൊപ്പം ഹര്‍ഷാല്‍ ഇതോടെ ഇടംപിടിച്ചിരുന്നു. ഇക്കുറി രണ്ടാമതെത്തിയ ആവേഷ് 24 പേരെ പുറത്താക്കി. സീസണിന്‍റെ കണ്ടെത്തലുകളിലൊന്നായ വെങ്കടേഷ് 10 മത്സരങ്ങളില്‍ 370 റണ്‍സും മൂന്ന് വിക്കറ്റും നേടി. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്. 

T20 World Cup | രണ്ട് ദിവസം ഐസിയുവിൽ, പിന്നാലെ ഫിഫ്റ്റി! മുഹമ്മദ് റിസ്‌വാന്‍ യോദ്ധാവെന്ന് ഹെയ്‌ഡന്‍