പാകിസ്ഥാന്‍ ടോപ് സ്‌കോററായ മുഹമ്മദ് റിസ്‌വാന്‍ ബാറ്റിംഗിനിറങ്ങിയത് രണ്ട് ദിവസം ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിനം
ദുബായ്: രണ്ട് ദിവസം ഐസിയുവില്‍ കിടന്നതിന്‍റെ തൊട്ടടുത്തദിനം ക്രീസിലെത്തി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടുക! ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്തരമൊരു വീര ചരിത്രം മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ടി20 ലോകകപ്പ്(T20 World Cup 2021) സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്‍റെ(PAK vs AUS) ടോപ് സ്‌കോററായ മുഹമ്മദ് റിസ്‌വാന്‍(Mohammad Rizwan) ബാറ്റിംഗിനിറങ്ങിയത് രണ്ട് ദിവസം ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്(Cricket Australia) ഇക്കാര്യം കായികലോകത്തെ അറിയിച്ചത്.
കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. പനിച്ച് ചികിത്സയിലായിരുന്ന മുഹമ്മദ് റിസ്‍വാനും ഷൊയ്ബ് മാലിക്കും അവസാന നിമിഷമാണ് ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കിയത്. നെഞ്ചിലെ അണുബാധമൂലം റിസ്‌വാന്‍ രണ്ട് രാത്രി ഐസിയുവിലായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. പാകിസ്ഥാന്‍ ടീം ഡോക്‌ടര്‍ നജീബുള്ള സൂംറോയെ ഉദ്ധരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. അതിശയകരമായി രോഗമുക്തനായ താരം സെമിഫൈനല്‍ ദിനം രാവിലെ ആശുപത്രി വിടുകയായിരുന്നു.
റിസ്‌വാന്‍ പോരാളിയെന്ന് ഹെയ്‌ഡന്‍
നിശ്ചയദാര്‍ഢ്യത്തോടെ കളിച്ചതിന് മുഹമ്മദ് റിസ്‌വാനെ ടീം ഡോക്‌ടര്‍ പ്രശംസിച്ചു. റിസ്‌വാന്‍റെ പോരാട്ടവീര്യത്തെ പാക് ബാറ്റിംഗ് കോച്ച് മാത്യൂ ഹെയ്‌ഡനും അഭിനന്ദിച്ചു. 'അയാളൊരു പോരാളിയാണ്. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചു. വലിയ ധൈര്യശാലിയാണ് റിസ്‌വാന്‍' എന്നുമാണ് ഹെയ്‌ഡന്‍റെ വാക്കുകള്‍. റിസ്‌വാന്‍ ടീം പ്ലേയറാണെന്ന് നായകന്‍ ബാബര്‍ അസം പുകഴ്‌ത്തി. 'അതിശയകരമായ പ്രകടനമാണ് റിസ്‌വാന്‍ കാഴ്‌ചവെച്ചത്. ഞാന്‍ അദേഹത്തെ കാണുമ്പോള്‍ അല്‍പം ക്ഷീണിതനായിരുന്നു. എന്നാല്‍ കളിക്കാന്‍ തയ്യാറാണ്' എന്നായിരുന്നു ആരോഗ്യത്തെ കുറിച്ചാരാഞ്ഞപ്പോള്‍ മറുപടി എന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ബാബറും-റിസ്‌വാനും ഓപ്പണിംഗ് വിക്കറ്റില്‍ 9.6 ഓവറില്‍ ഓവറില്‍ 77 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചിരുന്നു.
ഐസിയുവില്‍ നിന്നുള്ള തിരിച്ചുവരവില്‍ 52 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം മുഹമ്മദ് റിസ്‌വാന്‍ 67 റണ്‍സെടുത്തു. ജോഷ് ഹേസല്‍വുഡിന് എതിരെ മൂന്നും ആദം സാപയ്‌ക്കെതിരെ ഒന്നും സിക്‌സര്‍ റിസ്‌വാന്‍ പറത്തി. മത്സരത്തില്‍ ഓസീസ് പേസ് കുന്തമുന മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ അതിജീവിക്കാന്‍ താരത്തിനായി.
ദുബായില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(52 പന്തില്‍ 67) ഫക്കര്‍ സമാന്‍റേയും(32 പന്തില്‍ 55) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് ഓസീസിന്‍റെ വിജയശില്‍പ്പികള്‍.
