ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലെത്തിയതിന് പിന്നാലെയാണ് മുന്‍താരങ്ങളുടെ നിരീക്ഷണം

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ (IPL 2022) ഏറ്റവും മികച്ച നായകന്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ (Gujarat Titans) ഹര്‍ദിക് പാണ്ഡ്യയെന്ന് (Hardik Pandya) മുന്‍താരങ്ങളായ സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar), മാത്യൂ ഹെയ്‌ഡന്‍ (Matthew Hayden), മുഹമ്മദ് കൈഫ് (Mohammad Kaif), ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) എന്നിവര്‍. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലെത്തിയതിന് പിന്നാലെയാണ് മുന്‍താരങ്ങളുടെ നിരീക്ഷണം. 

മാത്യൂ ഹെയ്‌ഡന്‍

'ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി പരിചയമില്ലാതിരുന്നിട്ടും ഹര്‍ദിക് പാണ്ഡ്യയെ നായകത്വം ഏല്‍പിക്കുകയായിരുന്നു പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റനായിരിക്കേ എല്ലാ മേഖലയിലും ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം കാഴ്‌‌ചവെക്കുന്നു' എന്നാണ് മാത്യൂ ഹെയ്‌ഡന്‍റെ നിരീക്ഷണം. 

സുനില്‍ ഗാവസ്‌കര്‍

'പരിക്കില്‍ നിന്ന് മോചിതനാവുന്നതിനാല്‍ ഐപിഎല്‍ സീസണ്‍ തുടങ്ങും മുമ്പ് ഏറെ മത്സരങ്ങള്‍ കളിക്കാന്‍ ഹര്‍ദിക്കിനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാറ്റിംഗില്‍ ഹര്‍ദിക് വലിയ അച്ചടക്കം പ്രകടിപ്പിക്കുന്നു. പവര്‍പ്ലേയില്‍ ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു. ഓരോ മത്സരങ്ങളിലും ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് മെച്ചപ്പെടുകയാണ്' എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

ഹര്‍ഭജന്‍ സിംഗ്

ഹര്‍ദികിനെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് സമയം ചിലവഴിച്ചിട്ടുള്ള ഹര്‍ഭജന്‍ സിംഗും രംഗത്തെത്തി. 'ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഹര്‍ദിക്കാണ്. അദേഹം ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്നു. സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്നു. സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ഹര്‍ദിക്കിനാകുന്നുണ്ട്' എന്നും ഭാജി പറഞ്ഞു. 

മുഹമ്മദ് കൈഫ്

'ഹര്‍ദിക്കിന് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുന്നു ഹര്‍ദിക്, അദേഹം മധ്യനിരയില്‍ ഗൗരവത്തോടെ ഏറെ റണ്‍സ് കണ്ടെത്തുന്നു, അധികമായി അക്രമണോത്സുകത കാട്ടാതെ ബാറ്റ് വീശുകയാണ്. ഇതാണ് മുന്‍ സീസണുകളില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യക്ക് വന്ന മാറ്റം' എന്നാണ് മുഹമ്മദ് കൈഫിന്‍റെ നിരീക്ഷണം. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യ പ്ലേഓഫിലെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 62 റണ്‍സിന് തോല്‍പിച്ചാണ് ഹര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്‍റെയും കുതിപ്പ്. സീസണിലെ 11 മത്സരങ്ങളില്‍ 131.80 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫിഫ്റ്റി സഹിതം 344 റണ്‍സ് ഹര്‍ദിക് നേടി. 12 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. 

IPL 2022 : ലഖ്‌നൗ അസ്സല്‍ ചീട്ടുകൊട്ടാരം; പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്