സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിര്‍ണായക നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ശുഭ്മാന്‍ ഗില്ലിന്‍റെയും കെ എല്‍ രാഹുലിന്‍റെയുമെല്ലാം പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നതെങ്കിലും വ്യത്യസ്തമായൊരു ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.

കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ അജിങ്ക്യാ രഹാനെ ഇറങ്ങുമെന്ന് ഗവാസ്കര്‍ പറഞ്ഞു. ടെലിവിഷന്‍ പരിപിടായില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഗവാസ്കര്‍ ഈ മറുപടി നല്‍കിയത്. രഹാനെ നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ അഞ്ചാമനായി കെ എല്‍ രാഹുലോ ശുഭ്മാന്‍ ഗില്ലോ എത്തുമെന്നും ഗവാസ്കര്‍ പറഞ്ഞു. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ ഓസ്ട്രേലിയക്ക് മുന്‍തൂക്കമുണ്ടാകുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ഡേ നൈറ്റ് ടെസ്റ്റില്‍ ആരാണോ നന്നായി ബാറ്റ് ചെയ്യുന്നത് അവര്‍ക്കാണ് സാധ്യത. ഓസ്ട്രേലിയക്ക് പിങ്ക് പന്തില്‍ കളിച്ച് പരിചയമുണ്ട്. അതുകൊണ്ടുതന്നെ സൂര്യസ്തമയത്തിനുശേഷം പന്തിന്‍റെ മൂവ്മെന്‍റില്‍ എന്ത് സംഭവിക്കുമെന്നതുപോലെയുള്ള കാര്യങ്ങളെ കുറിച്ചൊക്കെ നല്ല ധാരണയുണ്ടാകും.

കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചിട്ടുള്ളതിനാല്‍ ഓരോ ഘട്ടത്തിലും എങ്ങനെ ബാറ്റ് ചെയ്യണമെന്നും പന്തെറിയണമെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ടാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.  വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെയ്ഡില്‍ തുടക്കമാകുന്നത്.