അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര രോഹിത് ശര്‍മയ്ക്ക് ഒരു അവസരമാണെന്ന് സുനില്‍ ഗവാസ്‌കര്‍ ഉപദേശിക്കുന്നു. 35 വയസ്സിന് ശേഷം താരങ്ങളുടെ ശാരീരികക്ഷമത പ്രധാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്ത് താന്‍ തന്നെയുണ്ടാകുമെന്ന് തെളിയിക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിയണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അതിനുള്ള അവസരമാണെന്നും ഗവാസ്‌കര്‍. ജൂലൈ 14 മുതല്‍ 19 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്ന രോഹിത് ശര്‍മ്മയും വിരാട് കോലിയും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതുണ്ടെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 'താന്‍ എവിടെ നില്‍ക്കുന്നു എന്ന് രോഹിത്തിന് വ്യക്തമായി അറിയാം. ലോകകപ്പിന് മുന്‍പുള്ള ഒന്നര വര്‍ഷക്കാലം തുടര്‍ച്ചയായി റണ്‍സ് കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം.' ഗാവസ്‌കര്‍ വ്യക്തമാക്കി. രോഹിത്തിന്റെ കഴിവും പ്രതിഭയും വെച്ച് നോക്കുമ്പോള്‍ സമ്മര്‍ദ്ദം അദ്ദേഹത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിറ്റ്നസ് പ്രധാന ഘടകം

35 വയസ്സിന് ശേഷം താരങ്ങളുടെ കഴിവിനേക്കാള്‍ ഉപരി അവരുടെ ശാരീരികക്ഷമതയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഗാവസ്‌കര്‍ ഓര്‍മ്മിപ്പിച്ചു. കോലിയും രോഹിത്തും ഈ കാര്യത്തില്‍ അനായാസം മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലത്തേക്ക് ആധിപത്യം പുലര്‍ത്താനും ക്രിക്കറ്റ് ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കാനും സാധിക്കുമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കല്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തന്നെ അമ്പരപ്പിച്ചുവെന്ന് ഗാവസ്‌കര്‍ പറഞ്ഞു. സീസണിന് അവസാനത്തില്‍ വിരമിക്കുമെന്നാണ് താന്‍ കരുതിയതെന്നും, അത്രയും മികച്ചൊരു താരം ടീമിലില്ലാത്തത് എതിരാളികള്‍ക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്‌സിന്റെ വിരമിക്കലിന്റെ സമയമാണ് തനിക്ക് അത്ഭുതമുണ്ടാക്കിയതെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.