നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്‍റെ ഈ അപ്രതീക്ഷിത പടിയിറക്കം.
ബെൽഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ ടി20 പരമ്പര വിജയത്തിന്‍റെ ആഹ്ളാദത്തിനിടയിലും അയർലൻഡ് ക്രിക്കറ്റിൽ നാടകീയ നീക്കങ്ങൾ. ഇന്ത്യയെ 2-0 ന് തകർത്ത് ചരിത്ര പരമ്പര സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനം ഒഴിഞ്ഞു. നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്‍റെ ഈ അപ്രതീക്ഷിത പടിയിറക്കം.
2022-ലാണ് മലാൻ അയർലൻഡിന്റെ കോച്ചായി ചുമതലയേൽക്കുന്നത്. 2027 ആദ്യം വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നുവെങ്കിലും, പുതിയൊരു കോച്ചിന് ടീമിനെ അടുത്ത ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറാക്കാൻ കൃത്യമായ സമയം ലഭിക്കുന്നതിനാണ് താൻ ഇപ്പോൾ പടിയിറങ്ങുന്നതെന്ന് മലാൻ വ്യക്തമാക്കി. ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ പരിശീലകന് ചുമതലയേൽക്കാൻ സാധിക്കും.
ഈ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് മലാന്‍ പറഞ്ഞു. മെൽബണിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ ടി20 ലോകകപ്പ് വിജയം, അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ആദ്യ ടെസ്റ്റ് വിജയം, ഒടുവിൽ ഇപ്പോൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയ ഈ ചരിത്ര ടി20 പരമ്പര വിജയം എന്നിവയെല്ലാം എന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നതാണ്. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്മാരെ വീഴ്ത്താനും മൂന്ന് ടി20 ലോകകപ്പുകളിലേക്ക് നേരിട്ട് യോഗ്യത നേടാനും നമുക്ക് സാധിച്ചു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി-മലാന്‍ പറഞ്ഞു.
ഹെൻറിച്ച് മലാന്റെ കീഴിൽ അയർലൻഡ് ക്രിക്കറ്റ് ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ലോകത്തിലെ ഏത് വമ്പൻ ടീമിനെയും അട്ടിമറിക്കാൻ പോന്ന ഒരു സംഘമായി അയർലൻഡിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന കടുത്ത പോരാട്ടത്തിൽ ഇന്ത്യയെ ഒരൊറ്റ റണ്ണിന് തോൽപ്പിച്ചാണ് അയർലൻഡ് 2-0 ന് പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തിൽ 34 റൺസിന്‍റെ ആധികാരിക വിജയമായിരുന്നു ആതിഥേയർ നേടിയത്.
