ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസ് നേടിയ സഞ്ജു സാംസണെ സുനിൽ ഗവാസ്‌കർ വാനോളം പുകഴ്ത്തി. സഞ്ജു 

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ബാറ്റിംഗ് കാണുമ്പോള്‍ അദ്ദേഹം മറ്റൊരു ഗ്രഹത്തില്‍ ഇരുന്നാണോ ബാറ്റ് ചെയ്യുന്നത് എന്ന് തോന്നിപ്പോകുമെന്ന് അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തിലെ താരവും സഞ്ജു തന്നെ. സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തിലും സഞ്ജു തന്നെയായിരുന്നു താരം. ഇംഗ്ലണ്ടിനെതിരായ മത്സരശേഷം ഗവാസ്‌കര്‍ പറഞ്ഞതിങ്ങനെ...''അദ്ദേഹം ബാറ്റ് ചെയ്യുന്നത് മറ്റൊരു ഗ്രഹത്തിലാണ് എന്ന് പറയേണ്ടിവരും. പൂര്‍ണ്ണചന്ദ്രനെപ്പോലെ അത്ര വ്യക്തമായാണ് സഞ്ജു പന്തിനെ കാണുന്നത്. ഗ്രൗണ്ട് ഷോട്ടുകളും കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമെല്ലാം അതിമനോഹരമായിരുന്നു. ബാറ്റിംഗിന്റെ ഒരു പ്രദര്‍ശനം തന്നെയാണ് അദ്ദേഹം ഇന്ന് നടത്തിയത്.'' ഗവാസ്‌കര്‍ പറഞ്ഞു.

സാധാരണയായി ടി20 ക്രിക്കറ്റില്‍ കാണാറുള്ള മോശം ഷോട്ടുകളോ ക്രോസ് ബാറ്റ് ഷോട്ടുകളോ സഞ്ജുവിന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നില്ലെന്നും, ബാറ്റിംഗിലെ ശുദ്ധതയാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രവി ശാസ്ത്രിയും സഞ്ജുവിന്റെ ഫോമിന് പിന്നിലെ കാരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജുവിന്റെ കഴിവില്‍ ആര്‍ക്കും ഒരിക്കലും സംശയമുണ്ടായിരുന്നില്ലെന്നും എന്നാല്‍ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് പലപ്പോഴും തിരിച്ചടിയായിരുന്നതെന്നും ശാസ്ത്രി പറഞ്ഞു. ''തനിക്ക് കൂടുതല്‍ സ്ഥിരത ആവശ്യമാണെന്ന സത്യം സഞ്ജു തിരിച്ചറിഞ്ഞിരിക്കുന്നു. ഷോട്ട് സെലക്ഷനില്‍ അദ്ദേഹം കൂടുതല്‍ വിവേകം കാണിക്കുന്നു. സഞ്ജുവിന്റെ പക്കല്‍ ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളുമുണ്ട്. പക്ഷേ മുന്‍പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ചെറിയ പിഴവുകള്‍ സംഭവിക്കുമായിരുന്നു.'' ഐസിസി റിവ്യൂവില്‍ ശാസ്ത്രി വ്യക്തമാക്കി.

വിജയത്തോടെ ഫൈനലില്‍ കടന്ന ഇന്ത്യ ഞായറാഴ്ച ന്യൂസിലന്‍ഡിനെ നേരിടും. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവില്‍ തന്നെയാണ് ഫൈനലിലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

YouTube video player