വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ അടുത്തിടെ സെലക്ടർമാർ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിലനിർത്തിയിരുന്നു
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റമ്പിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പൊളിച്ചുപണിയാനുള്ള ചർച്ചകളാണ് ചുറ്റിലും. രോഹിത് ശർമ്മ, വിരാട് കോലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങള്‍ ഇനിയെത്ര കാലം വലിയ ഫോർമാറ്റില്‍ കളിക്കും എന്ന ചോദ്യം സജീവമാണ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയ സെലക്ടർമാർ ഭാവി ടീമിന്‍റെ കാര്യത്തില്‍ നിർണായക സൂചന നല്‍കുന്നു. നിലവിലെ യുവതാരങ്ങളില്‍ ഒരാളാകും ഭാവി ടെസ്റ്റ് നായകന്‍ എന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്കറുടെ പ്രതികരണം.
രോഹിത് ശർമ്മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞാല്‍ ശുഭ്മാന്‍ ഗില്‍, അക്സർ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാവണം എന്നാണ് സുനില്‍ ഗവാസ്കറുടെ പക്ഷം. 'അക്സർ പട്ടേല്‍ ഓരോ മത്സരത്തിലും മെച്ചപ്പെടുകയാണ്. ഇവരില്‍ ആർക്കെങ്കിലും വൈസ് ക്യാപ്റ്റന്‍സി കൈമാറുകയാണ് ഉചിതം. ടീമില്‍ സ്ഥാനമുറപ്പിച്ചാല്‍ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷനെയും പരിഗണിക്കാന്‍ കഴിയും' എന്നും സുനില്‍ ഗവാസ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതേസമയം അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത് മോശം നീക്കമല്ലെങ്കിലും ഒരു യുവതാരത്തെ വളർത്തിയെടുക്കാനുള്ള അവസരം സെലക്ടർമാർ വിനിയോഗിച്ചില്ല എന്ന വിമർശനം ഗവാസ്കർക്കുണ്ട്. ഭാവി നായകനാണ് എന്ന് മുന്‍കൂട്ടി ഒരു യുവതാരത്തോട് സൂചിപ്പിച്ചാല്‍ അദേഹത്തിന് അതിന് തയ്യാറെടുക്കാമെന്നും മുന്‍താരം കൂട്ടിച്ചേർത്തു.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ അടുത്തിടെ സെലക്ടർമാർ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിലനിർത്തിയിരുന്നു. ചേതേശ്വർ പൂജാര ടീമില്‍ നിന്ന് പുറത്തായതോടെ അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റന്‍സിയില്‍ തിരിച്ചെത്തുകയും ചെയ്തു. മുമ്പ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയും ഇപ്പോള്‍ പരിക്കിന്‍റെ പിടിയിലാണ്. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബറില്‍ മാത്രമേ ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളൂ. ഇതില്‍ പുതിയ വൈസ് ക്യാപ്റ്റനെ പ്രതീക്ഷിക്കാം. യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തി തലമുറ മാറ്റത്തിന്‍റെ സൂചന സെലക്ടർമാർ നല്‍കിയിട്ടുണ്ട്. ഭാവി ക്യാപ്റ്റന്‍മാരായി ഗവാസ്കർ കണക്കാക്കുന്ന ഗില്ലും അക്സറും നിലവില്‍ ടെസ്റ്റ് സ്ക്വാഡിലെ അംഗങ്ങളാണ്.
Read more: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: പുരുഷ-വനിതാ ടീമുകളെ അയക്കാന്‍ ബിസിസിഐ, നറുക്കുവീഴുക യുവതാരങ്ങള്‍ക്ക്

