ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കാത്ത യുവതാരങ്ങള്‍ക്ക് ലോട്ടറി, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് പുരുഷ-വനിതാ ടീമുകളെ അയക്കാന്‍ ബിസിസിഐ
മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഏഷ്യന്‍ ഗെയിംസിന് പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ അയക്കാന്‍ നിശ്ചയിച്ച് ബിസിസിഐ. ടി20 ഫോർമാറ്റില്‍ നടക്കുന്ന ടൂർണമെന്‍റില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഏകദിന ലോകകപ്പ് തിരക്കുകള്‍ പരിഗണിച്ച് രണ്ടാംനിര ടീമിനെ അയക്കാനാണ് തീരുമാനം. രോഹിത് ശർമ്മയും വിരാട് കോലിയും ഉള്‍പ്പടെയുള്ള പല സീനിയർ താരങ്ങളും ഇതിലുണ്ടാവില്ല. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ സീനിയർ ടീമിനെ തന്നെ ബിസിസിഐ ഏഷ്യന്‍ ഗെയിംസിന് അയക്കും എന്നും ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.
ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബർ 23 മുതല്‍ ഒക്ടോബർ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഇതേ സമയത്ത് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാല്‍ പുരുഷ ടീമിനെ ഗെയിംസിന് അയക്കേണ്ട എന്ന നിലപാടാണ് ബിസിസിഐ നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ബിസിസിഐ തീരുമാനം മാറ്റി. വനിതകളില്‍ പ്രധാന ടീമിനെയും പുരുഷന്‍മാരില്‍ രണ്ടാംനിര ടീമിനേയും അയക്കാം എന്നാണ് പുതിയ തീരുമാനം. ഏറെ യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ലോകകപ്പിനും ഏഷ്യന്‍ ഗെയിംസിനും വേവ്വേറെ ടീമുകളെ അയക്കാന്‍ ബിസിസിഐക്ക് പ്രായസമുണ്ടാവില്ല.
ഒക്ടോബർ 5 മുതല്‍ നവംബർ 23 വരെയാണ് ഏകദിന ലോകകപ്പ് സമയം. ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക ജൂണ്‍ 30ന് അകം ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കൈമാറും. മുമ്പ് 2010ലും 2014ലും ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായിരുന്നുവെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. ഇന്ത്യ പങ്കെടുക്കും എന്നുറപ്പായതോടെ ഹാങ്ഝൗ ഏഷ്യാഡിലെ ക്രിക്കറ്റ് ആവേശമാകും. ജക്കാർത്തയിലെ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മത്സരയിനമല്ലാതിരുന്ന ക്രിക്കറ്റ് മടങ്ങിവരവിന് കൂടിയാണ് തയ്യാറെടുക്കുന്നത്.
ഇതാദ്യമായല്ല ബിസിസിഐ രണ്ട് ക്രിക്കറ്റ് ടീമുകളെ ഒരേസമയം അണിനിരത്തുന്നത്. ക്വലാലംപുരില്‍ 1998ല്‍ ഒരു ടീം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തപ്പോള്‍ രണ്ടാം ടീം സഹാറ കപ്പില്‍ പാകിസ്ഥാനെ നേരിട്ടു. 2021ല്‍ പ്രധാന ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ ശിഖർ ധവാന്‍റെ നേതൃത്വത്തില്‍ യുവനിരയെ ലങ്കന്‍ പര്യടനത്തിന് ബിസിസിഐ അയച്ചിരുന്നു.
Read more: അർബുദത്തിന് ശേഷം തിരിച്ചുവരവിന് വഴിയൊരുക്കിയത് കോലി; വെളിപ്പെടുത്തി യുവ്‍രാജ് സിംഗ്

