മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എം എസ് ധോണിയുടെ ദീര്‍ഘനാളത്തെ ഇടവേള ചോദ്യം ചെയ്‌ത് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ജൂലൈ മുതല്‍ ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. എം എസ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ഗാവസ്‌കറുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ധോണിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതിഹാസ താരത്തിന്‍റെ മറുപടി ഇങ്ങനെ. "താരത്തിന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് എനിക്ക് ഒന്നും പറയാനാവില്ല. ഇക്കാര്യം ധോണിയോട് തന്നെ ചോദിക്കണം. കഴിഞ്ഞ ജൂലൈ ഒന്‍പതാം തീയതിക്ക് ശേഷം ധോണിയുടെ സേവനം ഇന്ത്യന്‍ ടീമിന് ലഭിച്ചിട്ടില്ല. ഇതാണ് സുപ്രധാന ചോദ്യം. ധോണിയെ പോലെ ആരെങ്കിലും ഇത്ര ദീര്‍ഘനാള്‍ ടീമില്‍ നിന്ന് മാറിനിന്നിട്ടുണ്ടോ. ഇതാണ് ചോദ്യവും ഇവിടെയാണ് ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്നതും". 

ധോണിയെ കുറിച്ച് നിര്‍ണായക സൂചനകളുമായി ശാസ്‌ത്രി

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ''ധോണിയുമായി സംസാരിച്ചിരുന്നു. അദേഹം ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് പോലെ ഏകദിനത്തില്‍ നിന്നും ഉടന്‍ വിരമിക്കും. ഉറപ്പായും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ തീര്‍ച്ചയായും ടി20 ലോകകപ്പിലേക്ക് പരിഗണിക്കും" എന്നായിരുന്നു ശാസ്‌ത്രിയുടെ വാക്കുകള്‍.

ധോണി ഇന്ത്യന്‍ ടീമില്‍ പാഡണിഞ്ഞിട്ട് ആറ് മാസം

ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. സൈനിക സേവനത്തിനായി രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നു പറഞ്ഞ് ഇന്ത്യന്‍ ടീമില്‍ മാറിനിന്ന ധോണി ആറ് മാസമായി പാഡണിഞ്ഞിട്ട്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ നിന്ന് ധോണി വിട്ടുനിന്നു. ധോണി എന്നാണ് ടീമില്‍ തിരിച്ചെത്തുക എന്ന് ഇപ്പോള്‍ വ്യക്തമല്ല.