Asianet News MalayalamAsianet News Malayalam

ലാഹോറില്‍ മഞ്ഞുവീണേക്കാം; എന്നാലും ഇന്ത്യ-പാക് പരമ്പരക്ക് സാധ്യതയില്ലെന്ന് ഗവാസ്കര്‍

തല്‍ക്കാലം ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളിലും ലോകകപ്പിലും മാത്രം ഏറ്റുമുട്ടാനുള്ള സാധ്യതകളെയുള്ളു. അല്ലാതെ ഇരുരാജ്യങ്ങളും തമ്മിലൊരു പരമ്പര ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ്-ഗവാസ്കര്‍ പറഞ്ഞു.
Sunil Gavaskar responds on India-Pakistan bilateral series
Author
Mumbai, First Published Apr 14, 2020, 6:03 PM IST
മുംബൈ: കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന പാക് മുന്‍ താരം ഷൊയൈബ് അക്തറുടെ നിര്‍ദേശം തള്ളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. ലാഹോറില്‍ മഞ്ഞുവീഴ്ചയുണ്ടായേക്കാം, എന്നാലും സമീപ ഭാവിയിലൊന്നും ഇന്ത്യ-പാക് പരമ്പരക്ക് സാധ്യതയില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു. മുന്‍ പാക് നായകന്‍ റമീസ് രാജയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗവാസ്കര്‍.

തല്‍ക്കാലം ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളിലും ലോകകപ്പിലും മാത്രം ഏറ്റുമുട്ടാനുള്ള സാധ്യതകളെയുള്ളു. അല്ലാതെ ഇരുരാജ്യങ്ങളും തമ്മിലൊരു പരമ്പര ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ്-ഗവാസ്കര്‍ പറഞ്ഞു. കൊവിഡ് ബാധിതരെ സഹായിക്കാന്‍ നിഷ്പക്ഷ വേദിയില്‍ ഇന്ത്യ-പാക് ടീമുകള്‍ മൂന്ന് മത്സര പരമ്പര കളിക്കണമെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അക്തറിന്റെ അഭിപ്രായം മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് തള്ളിക്കളഞ്ഞിരുന്നു.

Also Read: പുതിയ വന്‍മതിലാണ് അയാള്‍; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി നഥാന്‍ ലിയോണ്‍

കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് താരങ്ങളുടെ ജീവന്‍വെച്ച് പന്താടാനാവില്ലെന്നും കപില്‍ പറഞ്ഞിരുന്നു. എന്നാല്‍ കപിലിന് പണം വേണ്ടായിരിക്കാം, പക്ഷെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നായിരുന്നു അക്തറിന്റെ മറുപടി. അക്തറിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. കപിലിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നായിരുന്നു അഫ്രീദിയുടെ പ്രതികരണം.
Follow Us:
Download App:
  • android
  • ios