ബിസിസിഐക്കെതിരെ തുറന്നടിച്ച് സുനില്‍ ഗവാസ്കർ, രഞ്ജി ട്രോഫി വഴിയല്ല, ഐപിഎല്ലില്‍ നിന്നാണ് ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ എടുക്കുന്നത് എന്ന് പരിഹാസം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സെലക്ടർമാർ വലിയ വിമർശനം നേരിടുകയാണ്. ഒരിക്കല്‍ക്കൂടി ഐപിഎല്ലിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ എടുത്തു എന്നതാണ് ഉയരുന്ന പഴി. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സർഫറാസ് ഖാനെ തഴഞ്ഞതാണ് ആരാധകരെ പ്രധാനമായും ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ കടുത്ത വിമർശനം ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കറിനുമുണ്ട്. റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്സ്വാളും ടീമിലെത്തിയത് ഐപിഎല്‍ വഴിയാണ് എന്ന് ഗവാസ്കർ പറയുന്നു. 

നടത്തുന്നത് കൊണ്ട് പ്രയോജനം ഇല്ലെങ്കില്‍ രഞ്ജി ട്രോഫി നിർത്തുന്നതാണ് അഭികാമ്യം എന്ന് സുനില്‍ ഗവാസ്കർ പരിഹസിച്ചു. 'കഴിഞ്ഞ മൂന്ന് സീസണുകളിലായി സർഫറാസ് 100 ബാറ്റിംഗ് ശരാശരിയില്‍ റണ്‍സ് കണ്ടെത്തുകയാണ്. സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഇതില്‍ക്കൂടുതല്‍ താരം എന്ത് ചെയ്യണം. പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കിലും ടീമില്‍ എടുക്കേണ്ട താരമാണ്. ഒന്നെങ്കില്‍ നിന്‍റെ പ്രകടനം അംഗീകരിക്കപ്പെട്ട് കഴിഞ്ഞെന്ന് അദേഹത്തോട് പറയുക. അല്ലെങ്കില്‍ രഞ്ജി ട്രോഫി നിർത്തുക. കാരണം രഞ്ജിയില്‍ കളിക്കുന്നത് കൊണ്ട് പ്രയോജനമില്ല. ഐപിഎല്ലില്‍‌ മാത്രം കളിക്കുക വഴി റെഡ് ബോളില്‍ കളിക്കാന്‍ യോഗ്യനായി എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി നാല് ഓപ്പണർമാരെയാണ് ടീമിലെടുത്തിരിക്കുന്നത്. ആറ് ഓപ്പണർമാരൊക്കെ വേണ്ട കനത്ത പേസ് ആക്രമണമുള്ള പഴയ വിന്‍ഡീസ് ടീമല്ല ഇപ്പോഴത്തേത് എന്നോർക്കണം' എന്നുമാണ് ഗവാസ്കറുടെ വിമർശനം. 

നായകന്‍ രോഹിത് ശർമ്മയും ശുഭ്മാന്‍ ഗില്ലുമാണ് നിലവിലെ ടെസ്റ്റ് ഓപ്പണർമാർ. ഇവർക്കൊപ്പം റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്സ്വാളും സ്ക്വാഡിലേക്ക് ചേർക്കപ്പെട്ടതോടെയാണ് നാല് ഓപ്പണർമാരായത്. ചേതേശ്വർ പൂജാര പുറത്തായ സാഹചര്യത്തില്‍ ഇവരിലൊള്‍ വിന്‍ഡീസിനെതിരെ മൂന്നാം നമ്പർ ബാറ്ററായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും എന്നുറപ്പാണ്. അതേസമയം ടീമില്‍ അവസരത്തിനായി കാത്തിരിക്കുന്ന സർഫറാസ് ഖാന്‍ രഞ്ജിയില്‍ 2019-20 സീസണില്‍ 928 റണ്‍സും 2021-22 സീസണില്‍ 982 റണ്‍സും 2022-23 സീസണില്‍ 556 റണ്‍സും അടിച്ചുകൂട്ടിയിരുന്നു. 154, 122.75, 92.66 എന്നിങ്ങനെയാണ് ഈ മൂന്ന് സീസണില്‍ താരത്തിന്‍റെ ബാറ്റിംഗ് ശരാശരി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 37 കളികളില്‍ 13 സെഞ്ചുറികളോടെ 79.65 ശരാശരിയില്‍ 3505 റണ്‍സ് സർഫറാസിനുണ്ട്. രഞ്ജിയില്‍ തുടർച്ചയായ സീസണുകളില്‍ 900ലേറെ റണ്‍സ് നേടിയ ആദ്യ താരമാണ് സർഫറാസ് ഖാന്‍. 

Read more: 'സഞ്ജു സാംസണ്‍ രോഹിത് ശർമ്മയെ പോലുള്ള പ്രതിഭ, മാച്ച് വിന്നർ'; വാഴ്ത്തിപ്പാടി രവി ശാസ്ത്രി