ഓസീസ് ബാറ്ററായ ട്രാവിസ് ഹെഡിനെപ്പൊലൊരു ബാറ്റര്‍ക്ക് ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ അയാള്‍ 80 റണ്‍സടിക്കുന്നതുവരെ ക്യാപ്റ്റനോ കോച്ചിനോ കഴിഞ്ഞില്ല.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ അടുത്ത സൗഹൃദങ്ങള്‍ ഇല്ലെന്നും കളിക്കാരെല്ലാം സഹതാരങ്ങള്‍ മാത്രമാണെന്നും സ്പിന്നര്‍ ആര്‍ അശ്വിന്‍ തുറന്നു പറഞ്ഞിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും അശ്വിന്‍റെ അഭിപ്രായത്തെ ശരിവെക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ദൃഢമായ ബന്ധമോ സൗഹൃദങ്ങളോ ഇല്ലെന്നും ഇത് തീര്‍ത്തും നിരാശാജനകമാണെന്നും ഗവാസ്കര്‍ പറഞ്ഞു.
ദു:ഖകരമായ ഒരു വസ്തുതയാണത്. കളി കഴിയുമ്പോള്‍ കളിക്കാര്‍ തമ്മില്‍ ഒരുമിച്ചിരിക്കാനും കളിയെക്കുറിച്ചല്ലാതെ സംഗീതമോ സിനിമയോ പോലുള്ള പൊതു കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാനുമുള്ള ഒരു സൗഹൃദാന്തരീക്ഷം ഇപ്പോഴില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് തീര്‍ത്തും നിരാശാജനകമാണ്. 20 വര്‍ഷം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഹോട്ടലില്‍ ഓരോ കളിക്കാര്‍ക്കും താമസിക്കാന്‍ ഒരോ മുറിയായ ശേഷമുള്ള മാറ്റമായിരിക്കാം ഇതെന്നും ഗവാസ്കര്‍ ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
ബ്രൂക്ക് അവതരിച്ചു, വോക്‌സ്-വുഡ് ഫിനിഷിംഗ്; ആഷസില്‍ ജീവന്‍ തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഞാനേറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതും. ഇത്രയേറെ ഐപിഎല്‍ മത്സരങ്ങളും രാജ്യാന്തര മത്സരങ്ങളും കളിച്ചതിന്‍റെയും നയിച്ചതിന്‍റെയും അനുഭവസമ്പത്തുണ്ടായിട്ടും ഐപിഎല്ലിലെ ഏറ്റവും മികച്ച കളിക്കാരെ ടീമില്‍ കിട്ടിയിട്ടും ടി20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പോലും എത്താന്‍ ഇന്ത്യക്കായില്ല.
ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പോലുള്ള ടൂര്‍ണമെന്‍റുകളില്‍ ക്യാപ്റ്റനും കോച്ചും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗവാസ്കര്‍ എഴുതി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ മൂടിക്കെട്ടിയ കാലാവസ്ഥ എന്നതായിരിക്കും രോഹിത്തിനും ദ്രാവിഡിനും നല്‍കാനുള്ള ഉത്തരം. എന്നാല്‍ ഓസീസ് ബാറ്ററായ ട്രാവിസ് ഹെഡിനെപ്പൊലൊരു ബാറ്റര്‍ക്ക് ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ അയാള്‍ 80 റണ്‍സടിക്കുന്നതുവരെ ക്യാപ്റ്റനോ കോച്ചിനോ കഴിഞ്ഞില്ല. ട്രാവിസ് ഹെഡ് ക്രീസിലെത്തിയപ്പോള്‍ തന്നെ കമന്‍ററി ബോക്സില്‍ എന്നോടൊപ്പമുണ്ടായിരുന്ന റിക്കി പോണ്ടിംഗ് പറയുന്നുണ്ടായിരുന്നു ബൗണ്‍സര്‍ എറിയൂ എന്ന്. എല്ലാവര്‍ക്കും അതറിയാം, എന്നിട്ടും നമ്മള്‍ അത് മാത്രം പരീക്ഷിച്ചില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സാണ് ഓസീസിന് കരുത്തായത്.
