Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ പോലും ഹെല്‍മറ്റ് ധരിക്കാത്ത ക്രിക്കറ്റ് കരിയര്‍; ഗവാസ്‌കറുടെ അരങ്ങേറ്റത്തിന് 50 വയസ്

1971ല്‍ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാംടെസ്റ്റില്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ 65. രണ്ടാം ഇന്നിംഗ്‌സില്‍ 67 നോട്ടൗട്ട്. പേസ് ബൗളിംഗിലെ കരീബിയന്‍ കരുത്തിന് മുന്നില്‍ എക്കാലത്തേയും മികച്ചൊരു ഓപ്പണറുടെ ജനനം.

Sunil Gavaskar took west indies 50 years ago
Author
Mumbai, First Published Mar 6, 2021, 12:32 PM IST

മുംബൈ: സുനില്‍ ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു  ഗാവസ്‌കര്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ക്രീസിലെത്തിയത്. മുംബൈ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കും മുന്‍പ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ബോയ് ക്രിക്കറ്റര്‍ എന്നറിയിപ്പെട്ടിരുന്ന ഗാവസ്‌കര്‍ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും ഇതേ മികവ് ആവര്‍ത്തിച്ചു.

1971ല്‍ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാംടെസ്റ്റില്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ 65. രണ്ടാം ഇന്നിംഗ്‌സില്‍ 67 നോട്ടൗട്ട്. പേസ് ബൗളിംഗിലെ കരീബിയന്‍ കരുത്തിന് മുന്നില്‍ എക്കാലത്തേയും മികച്ചൊരു ഓപ്പണറുടെ ജനനം. അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 124. രണ്ടാം ഇന്നിംഗ്‌സില്‍ 220. വെസ്റ്റ് ഇന്‍ഡീസില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് ജയം. ഒപ്പം ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയും നേടുന്ന ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനും. അരങ്ങേറ്റ പരമ്പരയില്‍ ഗാവസ്‌കര്‍ നേടിയ 774 റണ്‍സ് ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ്.

ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി, മൈക്കല്‍ ഹോള്‍ഡിംഗ്, മാല്‍ക്കം മാര്‍ഷല്‍ തുടങ്ങിയ തീപാറിച്ച പേസര്‍മാര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം ബാറ്റുവീശിയ ഗാവസ്‌കര്‍ കരിയറില്‍ ഒരിക്കല്‍പ്പോലും ഹെല്‍മറ്റ് ധരിച്ചില്ല. 1987ല്‍ പാകിസ്ഥാനെതിരെ അവസാന മത്സരത്തിനിറങ്ങുന്‌പോള്‍ ടെസ്റ്റ് ക്രിക്കറ്റില ഒട്ടുമിക്ക ബാറ്റിംഗ് റെക്കോര്‍ഡുകളും ഗവാസ്‌കറുടെ പേരിനൊപ്പമായിരുന്നു. ടെസ്റ്റില്‍ 10000 റണ്‍സ് നേടിയ ആദ്യ ബാറ്റ്‌സ്മാന്‍. മൂന്ന് തവണ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍. 2005ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറികടക്കും വരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ ബാറ്റ്‌സ്മാന്‍. എന്നിങ്ങനെ നീളുന്നു...

125 ടെസ്റ്റില്‍ 34 സെഞ്ച്വറികളോടെ 10122 റണ്‍സ് നേടിയ ഗാവസ്‌കര്‍ 108 ഏകദിനത്തില്‍ നിന്ന് ഒരു സെഞ്ച്വറിയോടെ 3092 റണ്‍സും സ്വന്തമാക്കി. 1983ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാ ഗാവസ്‌കര്‍ തൊണ്ണൂറുകള്‍ മുതല്‍ ടെലിവിഷനില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശബ്ദമായി. പത്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമെല്ലാം നേടിയിട്ടുള്ള ഗവാസ്‌കര്‍ക്ക് 71 വയസായി.

Follow Us:
Download App:
  • android
  • ios