മാര്‍ക്രത്തിനൊപ്പം ഭുവനേശ്വര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരേയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തുള്ള ടീം മാനേജ്‌മെന്റ് മാര്‍ക്രത്തെ ഉറപ്പിക്കുകയായിരുന്നു.

ഹൈദരാബാദ്: വരുന്ന ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എയ്ഡര്‍ മാര്‍ക്രം നയിക്കും. 28കാരനായ താരം ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ നയിച്ചിരുന്നു. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ മാര്‍ക്രം. താരത്തെ ക്യാപ്റ്റനാക്കിയ കാര്യം ഹൈദരാബാദ് ഔദ്യോഗിക പോസ്റ്റിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ കെയ്ന്‍ വില്യംസണായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വില്യംസണെ ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല. മാത്രമല്ല, എട്ടാം സ്ഥാനത്തായിരുന്നു ടീം. വില്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറും ടീമിനെ നയിച്ചിരുന്നു.

View post on Instagram

മാര്‍ക്രത്തിനൊപ്പം ഭുവനേശ്വര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരേയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തുള്ള ടീം മാനേജ്‌മെന്റ് മാര്‍ക്രത്തെ ഉറപ്പിക്കുകയായിരുന്നു. പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മാര്‍ക്രമിനായിരുന്നു. മാത്രമല്ല ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ മാര്‍ക്രമിനായി. പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ മാര്‍ക്രം 11 വിക്കറ്റുകള്‍ നേടിയിരുന്നു. അതൊടൊപ്പം 369 റണ്‍സും നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 127 സ്‌ട്രൈക്കറ്റ് റേറ്റിലായിരുന്നു താരം ബാറ്റേന്തിയിരുന്നത്.

2022 ഐപിഎല്‍ താരലേലത്തിലാണ് മാര്‍ക്രം ഹൈദരാബാദിലെത്തുന്നത്. 2.6 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ആ സീസണില്‍ 12 ഇന്നിംഗ്‌സുകള്‍ ഹൈദരാബാദ് ജേഴ്‌സിയില്‍ കളിച്ചു. 47.62 ശരാശരയില്‍ 381 റണ്‍സാണ് മാര്‍ക്രം നേടിയത്. 139.05 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

ഹൈദാരാബാദ് ഒഴിവാക്കിയ താരങ്ങള്‍

കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പുരാന്‍, ജഗദീശ സുചിത്, പ്രിയം ഗാര്‍ഗ്, രവികുമാര്‍ സമര്‍ത്ഥ്, റൊമാരിയോ ഷെപ്പേര്‍ഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാല്‍, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്.