പുതിയ നായകനും കോച്ചും! മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ശക്തിയും ദൗര്‍ബല്യവും
ദക്ഷിണാഫ്രിക്കന്‍ ടി20 ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിനെ നയിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പരിശീലകനായി എത്തുവെന്ന പ്രത്യേകതയും ഹൈദരാബാദിനുണ്ട്. ഹൈദരാബാദിന്റെ സ്ഥിരം താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരൊന്നും ടീമിനൊപ്പമില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തലവര മാറ്റനൊരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന സീസണില്‍ എട്ടാം സ്ഥാനത്തേക്ക് വീണതോടെ ടീം അടിമുടി പൊളിച്ചെഴുതി. ദക്ഷിണാഫ്രിക്കന്‍ ടി20 ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിനെ നയിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പരിശീലകനായി എത്തുവെന്ന പ്രത്യേകതയും ഹൈദരാബാദിനുണ്ട്. ഹൈദരാബാദിന്റെ സ്ഥിരം താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരൊന്നും ടീമിനൊപ്പമില്ല. പുതിയ സീസണില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദ് ആഗ്രഹിക്കുന്നത്. ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ആദ്യ മത്സരം. ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാം...
ബാറ്റിംഗ് കരുത്ത്
ഇംഗ്ലണ്ടിന്റെ പുത്തന്‍ സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം. ടെസ്റ്റിലും ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന ബ്രൂക്ക് ഇതിനോടകം ക്രിക്കറ്റ് നിരീക്ഷകരുടെ ഓമന പുത്രനായി. ക്യാപ്റ്റന്‍ മാര്‍ക്രവും ഉഗ്രന്‍ ഫോമിലാണ്. ഓവര്‍സീസ് താരങ്ങളായ ഇരുവര്‍ക്കും ടീമില്‍ സ്ഥാനമുറപ്പാണ്. വിദേശതാരങ്ങളില്‍ മൂന്നാമനായി ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് വീരന്‍ ഹെന്റിച്ച് ക്ലാസന്‍ ഇടം പിടിച്ചേക്കും. അല്ലെങ്കില്‍ മറ്റൊരാള്‍ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലപ്പാണ്. ഇരുവരും വിക്കറ്റ് കീപ്പര്‍മാരുമാണന്നതിനാല്‍ മത്സരം കടുക്കും. അഭിഷേക് ശര്‍മയും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായേക്കും. രാഹുല്‍ ത്രിപാഠിയും സ്ഥാനമുറപ്പിക്കും. ഇവരായിരിക്കാം ബാറ്റിംഗ് നിരയിലെ പ്രധാനികള്‍. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ട് മികവും ഗുണം ചെയ്യും.
ബൗളിംഗ് ശക്തി
ബൗളിംഗ് വകുപ്പില്‍ ഇന്ത്യന്‍ താരങ്ങളാണ് ടീമിന്റെ ശക്തി. ഉമ്രാന്‍ മാലിക്ക്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചേക്കും. ബൗളിംഗിലെ വിദേശി മാര്‍കോ ജാന്‍സനായിരിക്കും. വാഷിംഗ്ടണ്‍ സുന്ദറിന് സ്പിന്‍ എറിയേണ്ട ചുമതലയും കാണും. മാര്‍ക്രം സുന്ദറിനെ സഹായിക്കാനുണ്ടാവും. വിദേശ സ്പിന്നര്‍മാരായ ആദില്‍ റഷീദ്, അകെയ്ല്‍ ഹുസൈന്‍ എന്നിവരും ടീമിലുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ ഇടം കണ്ടെത്തുക പ്രയാസമായിരിക്കും.
ദൗര്‍ബല്യം
മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. മറ്റുള്ളവര്‍ക്കൊന്നും അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച അനുഭവസമ്പത്തില്ല. മികച്ച സ്പിന്നര്‍മാരും കുറവാണ്. പ്ലയിംഗ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധ്യതയുള്ള സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ സുന്ദര്‍ മാത്രമാണ്. ആദില്‍ റഷീദ്, അകെയ്ല്‍ ഹുസൈന്‍ എന്നിവരില്‍ ഒരാളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വിദേശ ബാറ്റര്‍മാരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും. നായകനെന്ന നിലയില്‍ മാര്‍ക്രമിന്റെ പരിചയക്കുറവ് പരീക്ഷിക്കപ്പെടും. സുന്ദറിനെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷണമൊത്ത ഒരു ഓള്‍റൗണ്ടര്‍ ടീമിലില്ല. മാര്‍ക്രത്തിനൊപ്പം അഭിഷേകിനേയും പരീക്ഷിക്കേണ്ടി വരും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാര്‍കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഴുവന്‍ സ്‌ക്വാഡ്
അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സെന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഫസല്‍ഹഖ് ഫാറൂഖി, ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, ഹെന്റിച്ച് ക്ലാസന്‍, ആദില്‍ റഷീദ്, മായങ്ക് മര്‍കണ്ഡെ, വിവ്രാന്ത് ശര്‍മ, സമര്‍ത്ഥ് വ്യാസ്, സന്‍വീര്‍ സിംഗ്, ഉപേന്ദ്ര സിംഗ് യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അകെയ്ല്‍ ഹുസൈന്‍, അന്‍മോല്‍പ്രീത് സിംഗ്.
സസ്‌പെന്‍സിന് വിരാമം, ഗംഭീര ട്വിസ്റ്റ്! ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു