ചെന്നൈയ്ക്ക് വേണ്ടി 176 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4,687 റൺസാണ് സുരേഷ് റെയ്ന നേടിയത്. 

ചെന്നൈ: ഐപിഎൽ 2026 സീസണിലേയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുൻ സൂപ്പര്‍ താരം സുരേഷ് റെയ്ന തിരിച്ചുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ 'ചിന്നത്തല' എന്ന് വിളിക്കുന്ന റെയ്ന പക്ഷേ, കളിക്കാരനായല്ല, മറിച്ച് ചെന്നൈയുടെ ബാറ്റിംഗ് പരിശീലകനായേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. ഇതോടെ വീണ്ടും മഹേന്ദ്ര സിംഗ് ധോണിയെയും സുരേഷ് റെയ്നയെയും ഒരുമിച്ച് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിനിടെ സുരേഷ് റെയ്ന തന്നെയാണ് ചെന്നൈയിലേയ്ക്കുള്ള തന്റെ തിരിച്ചുവരവ് സംബന്ധിച്ച ശക്തമായ സൂചന നൽകിയത്. മത്സരത്തിൽ കമന്റേറ്ററായിരുന്ന റെയ്ന ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടി വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് പുതിയ ബാറ്റിംഗ് പരിശീലകന്‍റെ പേരിലാണെന്ന് പറഞ്ഞിരുന്നു. 2014ൽ പഞ്ചാബിനെതിരെ റെയ്ന 16 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. ഇതാണ് ഐപിഎല്ലിൽ ഒരു ചെന്നൈ താരം നേടിയ വേ​ഗമേറിയ അർധ ശതകം. ഇതോടെയാണ് ചെന്നൈയുടെ ബാറ്റിംഗ് പരിശീലകനായി റെയ്ന തിരിച്ചുവരുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായത്. 

2008ലെ ഐ‌പി‌എൽ മെഗാ ലേലത്തിലാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പർ കിം​ഗ്സിലെത്തിയത്. തുടർന്ന് ചെന്നൈ നേടിയ പല വിജയങ്ങളിലും 
റെയ്ന നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ചെന്നൈയിൽ അരങ്ങേറ്റം കുറിച്ച് 10 വർഷത്തിന് ശേഷമാണ് റെയ്‌നയ്‌ക്ക് ആദ്യമായി ഒരു ഐപിഎൽ മത്സരം നഷ്ടമാകുന്നത്. പരിക്ക് കാരണം 2018ലെ ഒരു ഐ‌പി‌എൽ മത്സരം റെയ്നയ്ക്ക് നഷ്ടമായിരുന്നു. ധോണി നായകനായ സമയത്ത് റെയ്നയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റൻ. ധോണിയുടെ അഭാവത്തിൽ റെയ്നയാണ് ടീമിനെ നയിച്ചിരുന്നത്. 2020ൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ റെയ്നയെ ആരും സ്വന്തമാക്കാൻ തയ്യാറായില്ല. ഈ സീസണിൽ റെയ്‌ന കമന്റേറ്ററാകുകയും പിന്നീട് വർഷാവസാനം ഐപിഎല്ലിൽ നിന്നുൾപ്പെടെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 

ചെന്നൈയ്ക്ക് വേണ്ടി 176 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4,687 റൺസാണ് സുരേഷ് റെയ്‌ന അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും 33 അർദ്ധസെഞ്ച്വറികളും റെയ്നയുടെ പേരിലുണ്ട്. ചെന്നൈയുടെ അഭാവത്തിൽ 2016ലും 2017ലും റെയ്ന ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് കളിച്ചത്. പിന്നീട് 2018ലെ മെഗാ ലേലത്തിന് മുമ്പ് ചെന്നൈ ഐ‌പി‌എല്ലിലേക്ക് മടങ്ങിയെത്തിയപ്പോൾ വീണ്ടും അദ്ദേഹം ടീമിൽ തിരിച്ചെത്തുകയായിരുന്നു. അതേസമയം, തിരിച്ചുവരവ് സംബന്ധിച്ച സൂചനകൾ മാത്രമേ റെയ്‌ന നൽകിയിട്ടുള്ളൂ. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ പ്രഖ്യാപനമോ ഉണ്ടായിട്ടില്ല. നിലവിൽ മുൻ താരം മൈക്കൽ ഹസിയാണ് ചെന്നൈയുടെ ബാറ്റിംഗ് പരിശീലകൻ. 2018ലാണ് ഹസി ചെന്നൈയുടെ ബാറ്റിംഗ് പരിശീലകനായത്. 2009 മുതൽ ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗും ടീമിനൊപ്പം തുടരുന്നുണ്ട്.