ഇന്ന് ജയിക്കുന്ന ടീം പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തും. 

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിൽ രാത്രി എഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ 1-ൽ സ്ഥാനം ഉറപ്പാക്കാൻ പഞ്ചാബ് കിംഗ്‌സിനും മുംബൈ ഇന്ത്യൻസിനും ജയം അനിവാര്യമാണ്. നിലവിൽ 17 പോയിന്‍റുള്ള പഞ്ചാബ് രണ്ടും 16 പോയിന്‍റുള്ള മുംബൈ നാലും സ്ഥാനത്താണ്. ഗുജറാത്ത് അവസാന രണ്ട് കളിയും തോറ്റതോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ് ഇരുടീമുകളുടേയും ലക്ഷ്യം. കൈയ്ക്ക് പരിക്കേറ്റ പഞ്ചാബ് സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ ഇന്നും കളിച്ചേക്കില്ല. 

തിരിച്ചടി നേരിട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ, തുടർ പരാജയങ്ങൾ ​ഗുജറാത്തിന്റെ നെറ്റ് റൺ റേറ്റ് ഗണ്യമായി കുറയാൻ കാരണമായി. ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ടിലേക്ക് കടന്നതോടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചില്ല. ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരാൻ ​ഗുജറാത്തിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അവസാന മത്സര ഫലത്തെ ആശ്രയിക്കണം. 

ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്‌സ് മത്സരത്തിൽ വിജയിക്കുന്ന ടീം ​ഗുജറാത്തിനെ മറികടന്ന് ഒന്നാമത് എത്തും. മുംബൈ നിർണായക മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. പ്ലേ ഓഫ് ലൈനപ്പായ ശേഷം കാര്യങ്ങളെല്ലാം മുംബൈ ഇന്ത്യൻസ് ആ​ഗ്രഹിക്കുന്ന രീതിയിലാണ് പോകുന്നത്. ​ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ​ഗു​ജറാത്ത്, ബെം​ഗളൂരു, പഞ്ചാബ് ടീമുകൾ അവസാന മത്സരങ്ങളിൽ പരാജയപ്പെട്ടു. ഇതോടെ ക്വാളിഫയർ സ്വപ്നം കാണുന്ന മുംബൈയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള അവസരം ലഭിക്കുകയും ചെയ്തു. 

പഞ്ചാബ് കിം​ഗ്സ് (സാധ്യത ടീം): പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായ്, മാർക്കോ ജാൻസൻ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ/പ്രവീൺ ദുബെ.

മുംബൈ ഇന്ത്യൻസ് (സാധ്യത ടീം): രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ (വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധീർ, മിച്ചൽ സാന്റ്നർ, ദീപക് ചാഹർ, കരൺ ശർമ്മ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര.