ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ നാല് ഐപിഎൽ കിരീട നേട്ടത്തിൽ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്‌ന ടീമിനായി 176 കളിയിൽ നിന്ന് 4687 റൺസെടുത്തിട്ടുണ്ട്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ദീര്‍ഘകാലം ഒന്നിച്ച് കളിച്ച താരങ്ങളാണ് എം എസ് ധോണിയും സുരേഷ് റെയ്‌നയും. സിഎസ്‌കെ ആരാധകര്‍ ധോണിയെ 'തല' എന്നും റെയ്‌നയെ 'ചിന്നത്തല'യെന്നുമാണ് വിളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ കട്ട കമ്പനിയായ ധോണിയെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് റെയ്‌ന ഇപ്പോള്‍. എനിക്ക് പകരം റോബിന്‍ ഉത്തപ്പയെ കളിപ്പിക്കാന്‍ എം എസ് ധോണി എന്നില്‍ നിന്ന് അനുവാദം തേടി. 2021ല്‍ അവസരം ലഭിക്കാതിരുന്നിട്ടും കഠിനപ്രയത്‌നം നടത്തിയ ഉത്തപ്പയ്‌ക്ക് അവസരം നല്‍കണം എന്ന് ഞാന്‍ ധോണിയോട് ആവശ്യപ്പെട്ടു എന്നുമാണ് ജിയോ സിനിമയില്‍ റെയ്‌നയുടെ വാക്കുകള്‍. 

ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ നാല് ഐപിഎൽ കിരീട നേട്ടത്തിൽ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്‌ന ടീമിനായി 176 കളിയിൽ നിന്ന് 4687 റൺസെടുത്തിട്ടുണ്ട്. ഒത്തുകളി വിവാദത്തെ തുടർന്ന് സിഎസ്കെ വിലക്ക് നേരിട്ട രണ്ട് സീസണിൽ റെയ്‌ന ഗുജറാത്ത് ലയണ്‍സിന്‍റെ നായകനായിരുന്നു. റെയ്‌ന ഐപിഎല്ലിൽ ആകെ 5500 റൺസ് പേരിലാക്കി. സ്ഥിരത കൊണ്ട് മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് സുരേഷ് റെയ്‌നയ്‌ക്കുള്ള വിശേഷണം. 

അതേസമയം ഐപിഎല്ലില്‍ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന എം എസ് ധോണി സിഎസ്‌കെയ്‌ക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസ നായകനാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പമാണ് ധോണിയുടെ സ്ഥാനം. നാല്‍പ്പത്തിരണ്ടുകാരനായ ധോണി ഇനിയൊരു ഐപിഎല്‍ സീസണ്‍ കളിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയിലാണ്. ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിച്ച ധോണി 38.79 ശരാശരിയിലും 135.92 സ്ട്രൈക്ക് റേറ്റിലും 5082 റണ്‍സ് സ്വന്തമാക്കി. സിഎസ്‌കെ വിലക്ക് നേരിട്ട കാലത്ത് പൂനെ സൂപ്പര്‍ജയന്‍റ്‌സിനായാണ് തല കളിച്ചത്. 

Read more: എന്നെ 'തല'യാക്കിയതും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചതും തമിഴ്‌നാട്; ധോണിയുടെ പഴയ വീഡിയോ വൈറല്‍