ലഖ്‌നൗ:  ഗൗതം ഗംഭീറിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി സുരേഷ് റെയ്‌ന. ഒരോ താരത്തേയും പഠിച്ച് ദീര്‍ഘവീക്ഷമത്തോടെ ഫീല്‍ഡിങ് ഒരുക്കുന്ന ക്യാപ്റ്റനാണ് ദ്രാവിഡെന്നാണ് റെയ്‌ന പറയുന്നത്. അതിന് 2006ലെ പാകിസ്ഥാന്‍ പര്യടനത്തില്‍ ഒരു സംഭവം ഉദാഹണമായെടുത്താണ് റെയ്‌ന വിവരിക്കുന്നത്. 

മുള്‍ട്ടാന്‍ ഏകദിനത്തിലെ ഫീല്‍ഡിങ് നിര്‍ത്തിയതിനെ കുറിച്ചാണ് റെയ്‌ന സംസാരിക്കുന്നത്. എബിപി ന്യൂസില്‍ കപില്‍ ദേവുമായുള്ള അഭിമുഖത്തിലാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. 2005 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ദ്രാവിഡ് എന്ന ക്യാപ്റ്റനു കീഴില്‍ കളിച്ച വ്യക്തയാണ് റെയ്‌ന. താരം പറയുന്നതിങ്ങനെ... ''മുള്‍ട്ടാനില്‍ പാക്കിസ്ഥാനെതിരെ നടന്ന നാലാം ഏകദിനത്തിലാണ് സംഭവം. പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്ത് നില്‍ക്കുന്നു. ഇര്‍ഫാന്‍ പഠാന്‍ എറിഞ്ഞ നാലാം ഓവറിന്റെ മൂന്നാം പന്തില്‍ സല്‍മാന്‍ ബട്ട് സിംഗിളെടുത്തു. അടുത്ത പന്ത് ബാറ്റ് ചെയ്യേണ്ടത് കമ്രാന്‍ അക്മല്‍. പിന്നാലെ ഒരു വൈഡ്. 

അടുത്ത പന്ത് എറിയുന്നതിന് മുമ്പ് അദ്ദേഹം എന്നോട് പോയിന്റില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ദ്രാവിഡ് എന്തോ മനസില്‍ കണക്കുകൂട്ടിയ പോലെ. മുന്നോട്ട് ആഞ്ഞ് ക്യാച്ചെടുക്കാന്‍ തയ്യാറായി നില്‍ക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. പഠാന്റെ പന്തില്‍ അക്മല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചു. പോയിന്റില്‍ റെയ്‌നയ്ക്ക് ക്യാച്ച്. ആ ഒരു സംഭവം എന്നെ വല്ലാതെ ദ്രാവിഡിലേക്ക് ആകര്‍ഷിച്ചു. ആ ദീര്‍ഘവീക്ഷണം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.'' റെയ്‌ന പറഞ്ഞു. 

നേരത്തെ ഗംഭീറും ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരുന്നു. ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരായി സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവരുടെ പേരുകള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും ദ്രാവിഡ് അവഗണിക്കപ്പെടുകയാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. സൗരവ് ഗാംഗുലിയേക്കാളും ഇന്ത്യയെ സ്വാധീനിച്ച താരം ദ്രാവിഡാണെന്നാണ് ഗംഭീറിന്റെ പക്ഷം.