മൊഹാലി: ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത് ബന്ധുക്കൾക്കെതിരായ ആക്രമണത്തെ തുടർന്നെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളായ ഇന്ത്യ ടുഡെ, എൻഡിടിവി എന്നിവരെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ അമ്മാവൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ തരിയാൽ എന്ന പ്രദേശത്താണ് ബന്ധുക്കൾ താമസിക്കുന്നത്. ഇവർക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ അമ്മാവൻ അശോക് കുമാർ (58) കൊല്ലപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അമ്മ സത്യ ദേവി, ഭാര്യ ആശാ ദേവി, മക്കളായ അപിൻ, കൗശൽ എന്നിവർക്ക് പരിക്കേറ്റു. ഇവർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാവാംറെയ്ന നാട്ടിലേക്ക് തിരിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

സത്യ ദേവി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നും മറ്റുള്ളവർ ചികിത്സയിലാണെന്നും പത്താൻകോട്ട് പൊലീസ് വ്യക്തമാക്കി. ഇവർ വീട്ടിന്റെ ടെറസിൽ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അശോക് കുമാർ കൊല്ലപ്പെട്ടത്. എന്നാൽ ഇദ്ദേഹത്തിന് സുരേഷ് റെയ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും കേൾക്കുന്നത് പോലെ അമ്മാവൻ ആയിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വൈകാതെ പുറത്തു വരുമെന്നും പൊലീസ് പറഞ്ഞു. കവർച്ച സംഘം സ്വർണവും പണവും മോഷ്ടിച്ചതായും പൊലീസ് വ്യക്തമാക്കി.

നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഈ സീസണിലെ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന പറഞ്ഞിരുന്നു. റെയ്ന നാട്ടിലേക്ക് തിരിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനും വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ റെയ്നയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. സിഎസ്കെ കൊവിഡ് വ്യാപിച്ചതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.