ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ, ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് സുരേഷ് റെയ്ന പറയുന്നത്.
ലഖ്‌നൗ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലവിധത്തില്‍ നടക്കുന്നത്. ഓപ്പണറായി ആര് കളിക്കണമെന്നുള്ളതാണ് പ്രധാന ചര്‍ച്ച. വിരാട് കോലി - രോഹിത് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത് - യശസ്വി ജയ്സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎല്‍ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലില്‍ ജയ്സ്വാളിന് ഫോമിലാവാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ, ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് സുരേഷ് റെയ്ന പറയുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ദുബെ ആയിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും റെയ്‌ന പറഞ്ഞു. ''ദുബെയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം. അവിശ്വസനീയ മികവോടെയാണ് ദുബേ സിക്‌സറുകള്‍ നേടുന്നത്. വളരെകുറച്ച് താരങ്ങള്‍ക്കേ ഈ മികവുള്ളൂ. മുന്‍പ് യുവരാജും ധോണിയും ഇന്ത്യക്കായി നടത്തിയ ഇന്നിംഗ്‌സുകള്‍ ആവര്‍ത്തിക്കാന്‍ ദുബേയ്ക്ക് കഴിയും. ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ദുബെ ആയിരിക്കും.'' റെയ്‌ന പറഞ്ഞു.
ഐപിഎല്‍ പതിനേഴാം സീസണില്‍ 14 കളിയില്‍ നിന്ന് സിഎസ്‌കെ താരമായ ദുബേ 395 റണ്‍സ് നേടിയിരുന്നു. ബംഗ്ലാദേശിനെതീരായ സന്നാഹമത്സരത്തില്‍ ദുബേ 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

