പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

ലഖ്‌നൗ: ട്വന്റി 20 ലോകകപ്പിന് അഞ്ചുമാസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ വിക്കറ്റ് കീപ്പര്‍മാരുടെ മത്സരമാണിപ്പോള്‍. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, കെ എല്‍ രാഹുല്‍, മലയാളിതാരം സഞ്ജു സാംസണ്‍ എന്നിവരാണ് നിലവിലെ വിക്കറ്റ് കീപ്പര്‍മാര്‍. റിഷഭ് പന്തുകൂടി പരിക്ക് മാറിയെത്തില്‍ മത്സരം കൂടുതല്‍ കനക്കും. 2022 ഡിസംബറിലുണ്ടായ കാറപകടത്തെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയനായ പന്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. പന്ത് ഐപിഎല്ലില്‍ കളിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സും വ്യക്തമാക്കിയിട്ടുണ്ട്.

പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. താരത്തിന്റെ വാക്കുകള്‍... ''പൂര്‍ണ ആരോഗ്യം വീണ്ടെടുത്താല്‍ പന്തിനെ ട്വന്റി ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആരോഗ്യം വീണ്ടെടുത്താല്‍ പന്തിനെയാണ് വിക്കറ്റ് കീപ്പറായി ആദ്യം പരിഗണിക്കേണ്ടത്. കളി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് പന്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തിന്റെ മികവ് പലതവണ ഇന്ത്യ കണ്ടിട്ടുള്ളതാണ്.'' റെയ്‌ന വ്യക്തമാക്കി. അനാരോഗ്യം കാരണം പന്തിനെ പരിഗണിച്ചില്ലെങ്കില്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവണമെന്നും സുരേഷ് റെയ്‌ന കൂട്ടിചേര്‍ത്തു.

കാറപകടത്തിന് ശേഷം ഒരുവര്‍ഷമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പന്ത് ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയാണ് പന്ത് അവസാനമായി കളിച്ചത്. ഇരുപത്തിയാറുകാരനായ താരം ഇന്ത്യക്കായി 33 ടെസ്റ്റിലും 30 ഏകദിനത്തിലും 66 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ അവസാന ടി20 മത്സരം കളിച്ചപ്പോള്‍ പന്ത് ക്യാംപിലെത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചാണ് പന്ത് മടങ്ങിയത്.

സൂര്യകുമാറിന് എതിരാളികളില്ല! തുടര്‍ച്ചയായ രണ്ടാം തവണ ഐസിസി ടി20 താരം, വന്നെത്തിയത് അപൂര്‍വ നേട്ടം