മാച്ച് വിന്നറായ താരത്തിന്‍റെ പേര് ലോകകപ്പ് സ്ക്വാഡില്‍ ഇല്ലാത്തത് ഞെട്ടിച്ചു എന്നാണ് സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം

കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ച പൊടിപൊടിക്കുന്നു. സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പുറമെ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ പേരാണ് ചര്‍ച്ചകളിലുള്ള മറ്റൊന്ന്. ഇന്ത്യയുടെ മാച്ച് വിന്നറായ ചഹലിന്‍റെ പേര് ലോകകപ്പ് സ്ക്വാഡില്‍ ഇല്ലാത്തത് ഞെട്ടിച്ചു എന്നാണ് സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം, ചഹല്‍ യഥാര്‍ഥ മാച്ച് വിന്നറാണ് എന്നും ഭാജി ട്വീറ്റ് ചെയ്‌തു. 

യുസ്‌വേന്ദ്ര ചഹലിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. മുമ്പ് ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും ചഹലിനെ തഴഞ്ഞതിനെതിരെ ഭാജി തന്‍റെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. 'ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരാളുടെ അസാന്നിധ്യമാണ് ഞാന്‍ ശ്രദ്ധിച്ചത്. അത് യുസ്‌വേന്ദ്ര ചഹലിന്‍റേതാണ്. വലംകൈയന്‍ ബാറ്റര്‍മാരില്‍ നിന്ന് പുറത്തേക്ക് തിരിയുന്ന പന്തുകള്‍ എറിയാന്‍ കഴിയുന്ന ലെഗ് സ്‌പിന്നര്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. അക്കാര്യത്തില്‍ ഇന്ത്യയില്‍ ചഹലിനെക്കാള്‍ മികച്ചൊരു സ്പിന്നറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ അവന്‍റെ പ്രകടനം മോശമായിരുന്നു എന്നത് ശരിയാണ്. പക്ഷേ അതുകൊണ്ട് മാത്രം ചഹലൊരു മോശം ബൗളറാകുന്നില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പിന്നറാണ് ചാഹലെന്നുമായിരുന്നു' അന്ന് ഹര്‍ഭജന്‍റെ വാക്കുകള്‍. 

Scroll to load tweet…

ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡില്‍ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌പിന്നര്‍മാര്‍. ഇവരില്‍ ജഡേജയും അക്‌സറും ഓള്‍റൗണ്ടര്‍മാരാണ്. ബാറ്റിംഗ് കൂടി പരിഗണിച്ചപ്പോള്‍ ചഹലിനെ മറികടന്ന് അക്‌സറിന് സെലക്ടര്‍മാര്‍ അവസരം നല്‍കുകയായിരുന്നു. 72 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചഹല്‍ 5.27 ഇക്കോണമിയില്‍ 121 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Read more: സഞ്ജു സാംസണ്‍ പുറത്തായപ്പോള്‍ ഇഷാനും രാഹുലും ഒന്നിച്ച് കളിക്കുമോ; മറുപടിയുമായി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം