പാക് ക്യാപ്റ്റനാണ് ടോസ് ജയിച്ചതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് സ്ഥിരീകരിച്ചതോടെ സാധാരണ ക്യാപ്റ്റന്‍മാര്‍ ടോസിനുശേഷം ചെയ്യാറുള്ള പതിവ് ഹസ്തദാനത്തിന് പോലും സൂര്യകുമാര്‍ യാദവ് തയാറായില്ല
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ കണ്ടഭാവം നടിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. ടോസിനായി ഇരു ക്യാപ്റ്റന്മാരും ഗ്രൗണ്ടിന് നടുവില്‍ വന്നു നിന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനെ സൗഹൃദത്തോടെ ഒന്നു നോക്കാന്‍ പോലും തയാറായില്ല. രവി ശാസ്ത്രിയായിരുന്നു ടോസിന് അവതാരകനായി എത്തിയത്.
കണ്ട ഭാവം നടിക്കാതെ സൂര്യയും സല്‍മാന്‍ ആഘയും
സൂര്യകുമാറിന്‍റെയും സല്‍മാന്‍ അലി ആഘയുടെ പേര് ഉറക്കെ വിളിച്ചശേഷം രവി ശാസ്ത്രി ടോസിനായി സൂര്യകുമാറിനെ ക്ഷണിച്ചു. സൂര്യ ടോസിനായി നാണയം എറിഞ്ഞപ്പോള്‍ പാക് ക്യാപ്റ്റന്‍ ഹെഡ് വിളിച്ചു. പാക് ക്യാപ്റ്റനാണ് ടോസ് ജയിച്ചതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് സ്ഥിരീകരിച്ചതോടെ സാധാരണ ക്യാപ്റ്റന്‍മാര്‍ ടോസിനുശേഷം ചെയ്യാറുള്ള പതിവ് ഹസ്തദാനത്തിന് പോലും സൂര്യകുമാര്‍ യാദവ് തയാറായില്ല. ടോസിട്ടശേഷം കൈ കെട്ടി നിന്ന സൂര്യകുമാറിന്‍റെ നിലപാട് തിരിച്ചറിഞ്ഞ സല്‍മാന്‍ അലി ആഘയും ഹസ്തദാനത്തിനായി സൂര്യകുമാറിനെ സമീപിച്ചില്ല. രവി ശാസ്ത്രി ആദ്യം സല്‍മാന്‍ അലി ആഘയെ സംസാരിക്കാനായി വിളിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയാണെന്ന് സല്‍മാന്‍ അലി ആഘ അറിയിച്ചു. അതിനുശേഷം പാക് ക്യാപ്റ്റന്‍ സൂര്യകുമാറിന് മുന്നിലൂടെ നടന്നകന്നെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. പിന്നീട് സൂര്യകുമാറിനെ രവി ശാസ്ത്രി സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ടോസ് നേടിയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ചോദിച്ചു. ടോസ് നേടിയിരുന്നെങ്കിലും ഫീല്‍ഡിംഗ് തന്നെയാകും തെരഞ്ഞെടുക്കുകയെന്നായിരുന്നു സൂര്യയുടെ മറുപടി.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ആവശ്യം ശക്തമായ പശ്ചാത്തലത്തിലായിരുന്നു മത്സരം. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് പതിവായി എത്താറുള്ള സെലിബ്രിറ്റികളോ ബിസിസിഐ ഉന്നതരോ ഒന്നും ഇന്നത്തെ മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമായി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.


