ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സൂര്യകുമാര്‍ സിംഗിളിനായി ഓടിയെങ്കിലും മിച്ചല്‍ സാന്‍റ്നര്‍ പന്ത് ഡൈവ് ചെയ്ത് പിടിക്കുന്നത് കണ്ട വിരാട് കോലി തുടക്കമിട്ടശേഷം തിരിച്ചുപോയി.

ധരംശാല: ലോകകപ്പ് അരങ്ങേറ്റത്തില്‍ സൂര്യകുമാര്‍ യാദവിന് നിരാശ. കെ എല്‍ രാഹുല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് വിരാട് കോലിയുമായുള്ള ധാരണപ്പിശകില്‍ രണ്ട് റൺസ് മാത്രമെടുത്ത് റണ്ണൗട്ടായി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സൂര്യകുമാര്‍ സിംഗിളിനായി ഓടിയെങ്കിലും മിച്ചല്‍ സാന്‍റ്നര്‍ പന്ത് ഡൈവ് ചെയ്ത് പിടിക്കുന്നത് കണ്ട വിരാട് കോലി തുടക്കമിട്ടശേഷം തിരിച്ചുപോയി.

എന്നാല്‍ ഈ സമയം കൊണ്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിന് അടുത്തെത്തിയ സൂര്യകുമാര്‍ തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും കിടന്നുകൊണ്ടുതന്നെ സാന്‍റ്നര്‍ പന്തെടുത്ത് ബോള്‍ട്ടിന് ഉരുട്ടിയിട്ടുകൊടുത്തു. റണ്ണപ്പിന് ശേഷം നിലത്തുവീണ ബോള്‍ട്ട് ആകട്ടെ സാന്‍റനര്‍ ഉരുട്ടി നല്‍കിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് നേരെ അണ്ടര്‍ ആം ത്രോയിലൂടെ ഉരുട്ടിയിട്ടുകൊടുത്തു. ഈ സമയത്ത് തിരിച്ചോടിയ സൂര്യകുമാര്‍ പിച്ചിന് നടുവിലെത്തിയതേ ഉണ്ടായിരുന്നുള്ളു. കോലി ആദ്യമേ ഓടിയിരുന്നെങ്കില്‍ ആ റണ്‍സ് ഉറപ്പായും കിട്ടുമായിരുന്നു എന്ന് പറയാമെങ്കിലും സാന്‍റനറുടെ ഫീല്‍ഡിംഗ് മികവ് കണക്കിലെടുത്ത് കോലി സുരക്ഷിതനാവാന്‍ ശ്രമിച്ചതാണ് സൂര്യകുമാറിന് വിനയായത്.

View post on Instagram

ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതാണ് സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുക്കിയത്. ഹാര്‍ദ്ദിക്കിന്‍റെ പരിക്കോടെ ഇന്ത്യയുടെ ടീം ബാലന്‍സ് താളം തെറ്റുകയും ചെയ്തു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് ബൗളര്‍മാരും ആറ് ബാറ്റര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവിനെ ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും തെരഞ്ഞു പിടിച്ച് പ്രഹരിച്ചപ്പോള്‍ പകരം ബൗളറില്ലാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തിരുന്നു. 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക