ഞായറാഴ്ച വൈകീട്ട് ബാര്‍ബഡോസില്‍ എത്തിയ ശേഷം ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ ദ്വീപുകളില്‍ പരിശീലനം നടത്തുന്നത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കാനിരിക്കെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന് പരിക്ക്. ബ്രിഡ്ജ്ടൗണില്‍ ഇന്ത്യയുടെ പരിശീലന സെഷനിടെയാണ് സംഭവം. പരിക്ക് ഫിസിയോയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന നടത്തി. എന്നാല്‍ ഗുരുതര പരിക്കൊന്നുമല്ലെന്ന് പരിശോധനയില്‍ വ്യക്തമതായതോടെ സൂര്യകുമാര്‍ തിരിച്ചടിച്ച് ബാറ്റിങ് തുടര്‍ന്നു. പിന്നീട് തനിക്ക് അനുവദിച്ച സമയം മുഴുവന്‍ ബാറ്റ് ചെയ്താണ് സൂര്യ മടങ്ങിയത്. ഗൗരവമേറിയ പരിക്കായിരുന്നെങ്കില്‍ ടീം മാനേജ്‌മെന്റിന് മറ്റു സാധ്യതകള്‍ നോക്കേണ്ടി വരുമായിരുന്നു.

ഞായറാഴ്ച വൈകീട്ട് ബാര്‍ബഡോസില്‍ എത്തിയ ശേഷം ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ ദ്വീപുകളില്‍ പരിശീലനം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ഇന്ത്യയ്ക്ക് ഒരു ഓപ്ഷണല്‍ പരിശീലന സെഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാര്‍ബഡോസിലെ അവസ്ഥകള്‍ മനസ്സിലാക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഉള്‍പ്പെടെ മുഴുവന്‍ ടീമും അതില്‍ പങ്കെടുത്തു. 20നാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

സഞ്ജുവിനെ കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാലിപ്പോള്‍ റിഷഭ് പന്ത് മതി! കാരണം വ്യക്തമാക്കി ഹര്‍ഭജന്‍

അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ന്യൂയോര്‍ക്കിലായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ശനിയാഴ്ച ഫ്‌ലോറിഡയില്‍ കാനഡയ്ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. കോമ്പിനേഷന്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.