വെള്ളിയാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ടി20 പരമ്പരക്ക് തുടക്കമാകുന്നത്.
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ സംഘമാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ ദക്ഷിണാഫ്രിക്കയുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം ചോദിച്ച് സഹതാരങ്ങളെ ഉത്തരംമുട്ടിക്കുന്ന വിഡിയോ ബിസിസിഐ പുറത്തുവിട്ടു.
വെള്ളിയാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കിറങ്ങുന്നത്. ജൂണില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കീരിടം നേടിയശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
എന്നാല്‍ ടി20 ലോകകപ്പ് ഫൈനലില്‍ കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ ലോകകപ്പില്‍ കളിച്ച യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുമ്ര എന്നിവരും ഇന്ത്യൻ ടീമിനൊപ്പമില്ല. ലോകകപ്പ് ഫൈനലില്‍ കളിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലുള്ളത്.
സീനീയര്‍ താരങ്ങളുടെ അഭാവത്തില്‍ രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചിരുന്നു. 2017-18ലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസാനമായി ടി20 പരമ്പര(2-1) ജയിച്ചത്.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്: ഏയ്‌ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നീൽ ബാർട്ട്‌മാൻ, ജെറാൾഡ് കോട്‌സി, ഡൊണോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹാലിൽ പോങ്‌വാന, കാബ പീറ്റർ, ആന്‍ഡൈല്‍ സെനെലൈൻ, റിയാൻ റിക്കിൾടണ്‍, ലൂഥോ സിപാമ്‌ല, ട്രിസ്റ്റൻ സ്റ്റബ്സ്.
