ന്യൂസിലന്‍ഡിനെതിരായ ടി20 വിജയത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു. എട്ട് ബാറ്റര്‍മാരും മൂന്ന് ബൗളര്‍മാരുമുള്ള ടീം ഘടന തുടരാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

നാഗ്പൂര്‍: ടീമിന്റെ ഒത്തൊരുമയോടെയുള്ള പ്രകടനത്തിലും വിജയത്തിലും പൂര്‍ണ സംതൃപ്തിയെന്ന് ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സൂര്യ. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ കണ്ടെത്തുകയും മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തിലും അത് പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്തത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യകുമാര്‍ തുടര്‍ന്നു... ''പതിനഞ്ചാം ഓവര്‍ വരെ കളി കൃത്യമായി മുന്നോട്ട് കൊണ്ടുപോയി. അതിനുശേഷം ആഞ്ഞടിക്കാനായി. എല്ലാ ബാറ്റര്‍മാരും അവരുടെ റോളുകള്‍ കൃത്യമായി നിര്‍വ്വഹിച്ചു. എട്ട് ബാറ്റര്‍മാരും മൂന്ന് സ്‌ട്രൈക്ക് ബൗളര്‍മാരും എന്ന തന്ത്രം ടീമിന് ഗുണകരമാകുന്നുണ്ട്. അത് തുടരാനാണ് താല്‍പ്പര്യം.'' തന്റെ ഫോമിനെ കുറിച്ചും സൂര്യ സംസാരിച്ചു... ''കഴിഞ്ഞ കുറച്ച് ആഴ്ചകളായി നെറ്റ്‌സില്‍ ഞാന്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ഇന്ന് ക്രീസിലെത്തിയപ്പോള്‍ സാഹചര്യത്തിന് അനുയോജ്യമായി കളിക്കാന്‍ സാധിച്ചു. എന്റെ തനത് ശൈലി മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഓഫ് സൈഡിലെ ഷോട്ടുകള്‍ സ്വാഭാവികമായി വന്നതാണ്, പരിശീലന സെഷനുകളില്‍ ഇത്തരം ഷോട്ടുകള്‍ ഞാന്‍ കാര്യമായി അഭ്യസിച്ചിരുന്നു.'' സൂര്യ പറഞ്ഞു.

അഭിഷേക് ശര്‍മയുടെ പ്രകടനത്തെ സൂര്യ പ്രശംസിച്ചു...''അഭിഷേകിന്റെ കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്. അവന്‍ മൈതാനത്ത് ബാറ്റ് ചെയ്യുന്ന രീതി മാത്രമല്ല, അതിനായി അവന്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ കൂടി കാണേണ്ടതാണ്. ഹോട്ടലിലായാലും ടീം ബസ്സിലായാലും അവന്‍ പുലര്‍ത്തുന്ന ചിട്ടയും അച്ചടക്കവും ശ്രദ്ധേയമാണ്. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് അവന്‍ ഇപ്പോള്‍ മൈതാനത്ത് കാണുന്നത്.'' സൂര്യ കൂട്ടിചേര്‍ത്തു. മഞ്ഞുവീഴ്ച ഫീല്‍ഡിംഗിനെ പ്രയാസകരമാക്കിയെങ്കിലും കളിക്കാര്‍ അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നും ഓരോ മത്സരത്തിലും ഫീല്‍ഡിംഗ് മെച്ചപ്പെടുത്താനാണ് ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

YouTube video player