മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി തന്നെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചത് വലിയ പ്രശ്നമാക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. മത്സരാവേശത്തിനിടെ അതൊക്കെ സാധാരണമാണെന്നും ആ സംഭവത്തിന് മുമ്പോ ശേഷമോ താനും കോലിയുമായും ഒരു പ്രശ്നവുമില്ലെന്നും സൂര്യകുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

മത്സരത്തിനുശേഷം ആ വീഡിയോ ക്ലിപ്പിംഗ് ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയത് കണ്ട് ഞാന്‍ ശരിക്കും അതിശയിച്ചുപോയി. മത്സരത്തിനിടെ എല്ലായ്പ്പോഴും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കോലി. അതുകൊണ്ടുതന്നെ മുംബൈക്കെതിരെ മാത്രമായി അദ്ദേഹം എന്തെങ്കിലും പ്രത്യേക കാര്യം ചെയ്തതായി കാണേണ്ടതില്ല. ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴും ഇതേ ആവേശം തന്നെയാണ് കോലി പുറത്തെടുക്കാറുള്ളത്. അതുപോലെ തന്നെയാണ് ഐപിഎല്ലിലും. അദ്ദേഹത്തിന്‍റെ ആവേശപ്രകടനവും ആക്രമണോത്സുകതയും എല്ലായ്പ്പോഴും കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്.

ആ മത്സരം ബാംഗ്ലൂരിന് ഏറെ നിര്‍ണായകമായിരുന്നു. കാരണം ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താന്‍ അവര്‍ക്കും അവസരമുണ്ടായിരുന്നു. മത്സരത്തിനുശേഷം എല്ലാം സാധാരണപോലെയായിരുന്നു. എല്ലാവരും പരസ്പരം അഭിനന്ദിച്ചു. കോലിയും നന്നായി കളിച്ചുവെന്ന് പറഞ്ഞു-സൂര്യകുമാര്‍ പറഞ്ഞു. മത്സരത്തില്‍ 43 പന്തില്‍ 79 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാറാണ് മുംബൈയെ ജയിപ്പിച്ചത്. മത്സരത്തിനിടെ മുംബൈയുടെ വിക്കറ്റുകള്‍ വീണപ്പോള്‍ സൂര്യകുമാറിന്‍റെ മേ ഹൂ നാ..റിയാക്ഷനും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്‍റെ പിറ്റേന്നാണ് ബാംഗ്ലൂരിനെതിരെ മത്സരത്തിനിറങ്ങിയത്. വലിയൊരു ടീമിനെതിരെ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് അതിനെ കണ്ടത്. പരിശീലന സമയത്ത് ഈ മത്സരത്തിനായി മാനസികമായി ഞാന്‍ തയാറായിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ മുംബൈ ആദ്യം ഫീല്‍ഡ് ചെയ്തത് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ എന്നെ സഹായിച്ചു.

ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ മികച്ച പ്രകടനം നടത്തി കഴിവു തെളിയിക്കാനുള്ള അവസരമായാണ് കണ്ടത്. അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്-സൂര്യകുമാര്‍ പറഞ്ഞു. ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 480 റണ്‍സടിച്ച സൂര്യകുമാര്‍ മുംബൈയുടെ മൂന്നാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.