ലോകകപ്പിന് പിന്നാലെ നടന്ന ശ്രീലങ്കൻ പര്യടനത്തിന് മൂന്ന്-നാല് ദിവസങ്ങൾക്ക് മുമ്പാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തന്നെ വിളിച്ച് ക്യാപ്റ്റൻസി ഏറ്റെടുക്കണമെന്ന കാര്യം ആവശ്യപ്പെട്ടതെന്ന് സൂര്യകുമാർ പറഞ്ഞു.
മുംബൈ: രോഹിത് ശര്‍മക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്ന് എങ്ങനെ ഇന്ത്യൻ ക്യാപ്റ്റനായി എന്നകാര്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയപ്പോള്‍ ഹാർദിക്കായിരുന്നു വൈസ് ക്യാപ്റ്റൻ. ലോകകപ്പിന് പിന്നാലെ രോഹിത് ടി20യില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വാഭാവികമായും ഹാർദിക് അടുത്ത ക്യാപ്റ്റനാവുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 ടീം നായകനായത്. ഇതിനെക്കുറിച്ചാണ് സൂര്യകുമാര്‍ യാദവ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നത്.
ലോകകപ്പിന് പിന്നാലെ നടന്ന ശ്രീലങ്കൻ പര്യടനത്തിന് മൂന്ന്-നാല് ദിവസങ്ങൾക്ക് മുമ്പാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തന്നെ വിളിച്ച് ക്യാപ്റ്റൻസി ഏറ്റെടുക്കണമെന്ന കാര്യം ആവശ്യപ്പെട്ടതെന്ന് സൂര്യകുമാർ പറഞ്ഞു. ശ്രീലങ്കൻ പരമ്പരയ്ക്ക് തൊട്ടുമുമ്പ് ജയ് ഭായ് എന്നെ വിളിച്ചു. ഇനി മുതൽ ടി20 ടീമിനെ ഞാനാണ് നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് രോഹിത് ഭായിയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും നേരത്തെ തന്നെ പ്ലാൻ ചെയ്തതാണെന്ന് എനിക്ക് ഉറപ്പായിരുന്നു- സൂര്യകുമാർ വ്യക്തമാക്കി.
രാഹുൽ ദ്രാവിഡ്, ഗൗതം ഗംഭീർ എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ബിസിസിഐ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-23 സീസണുകളിൽ രോഹിത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്നത് ഹാർദിക് പാണ്ഡ്യയായിരുന്നു. ഇന്ത്യൻ ടി ടീമിന്‍റെ നായകസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഹാർദിക്കിന് വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായിരുന്നു. ആദ്യം ശുഭ്മാൻ ഗില്ലും പിന്നീട് അക്സർ പട്ടേലുമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായത്.
രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് ശേഷം തന്‍റെ അടുത്ത ലക്ഷ്യം 2028-ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക്സ് ആണെന്ന് സൂര്യകുമാർ പറഞ്ഞു. ക്രിക്കറ്റ് ഒളിമ്പിക്സിൽ അരങ്ങേറുന്ന ചരിത്ര നിമിഷത്തിൽ ഇന്ത്യയെ സ്വർണ്ണത്തിലേക്ക് നയിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും സൂര്യ വ്യക്തമാക്കി.
