ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കന്ന നീക്കവുമായി ബിസിസിഐ. ടി20 ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
ഇതോടെ ന്യൂസിലൻഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനൽ മത്സരമാകും സൂര്യകുമാറിന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം നടക്കുന്ന അയർലൻഡ് പര്യടനത്തോടെ ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.
2024 ജൂലൈയിൽ രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്നാണ് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടി20 നായകനാകുന്നത്. സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം ഇന്ത്യ തുടർജയങ്ങള്‍ നേടിയിരുന്നെങ്കിലും ബാറ്റിംഗില്‍ തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടർച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങൾ, 2025-ലെ ഏഷ്യാ കപ്പ് കിരീടം,2026-ലെ ടി20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍.
2025 ന്‍റെ തുടക്കം മുതൽ കളിച്ച 25 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ വെറും 12.84 എന്ന മോശം ശരാശരി മാത്രമാണ് സൂര്യകുമാറിനുള്ളത്. ഈ വർഷത്തെ ഐ.പി.എല്ലിലും മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാറിന് വെറും 270 റൺസ് മാത്രമാണ് എടുക്കാനായത്.മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സൂര്യകുമാറിനെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം എടുത്തത്.
സൂര്യകുമാറിന്‍റെ നേതൃത്വത്തിൽ ടീം ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്‍റെ നിലവിലെ മോശം ഫോമും പ്രായവും കണക്കിലെടുത്ത് ടി20 ടീമിന്‍റെ ഭാവി മുൻനിർത്തി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്‍റ് തീരുമാനം. സൂര്യയെ ഇനി കളിക്കാരനായും ടീമിലേക്ക് പരിഗണിക്കില്ല. ഈ തീരുമാനം ഉടൻ തന്നെ താരത്തെ ഔദ്യോഗികമായി അറിയിക്കും,ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ശ്രേയസ് അയ്യർ നായകനായേക്കും
ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പൂർണ്ണ പിന്തുണയോടെ ശ്രേയസ് അയ്യർ പുതിയ ടി20 നായകനാകുമെന്നാണ് റിപ്പോർട്ട്. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലാകും പ്രഖ്യാപനം.
