ടി20 ലോകകപ്പിലുടനീളം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ ചിരിപ്പിക്കാന്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കിണഞ്ഞു ശ്രമിച്ചുവെന്ന് സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി.

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിലുടനീളം ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ ഒന്ന് ചിരിപ്പിക്കാന്‍ ടീം അംഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഒടുവില്‍ ഫൈനല്‍ വിജയത്തിന് ശേഷം ഗംഭീറിന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി കാണാനായതില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമുണ്ടെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി.

സൂര്യ വിശദീകരിക്കുന്നതിങ്ങനെ... ''ലോകകപ്പിനിടെ പലതവണ അദ്ദേഹത്തെ ചിരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ അത്രത്തോളം തീവ്രതയോടെയാണ് അദ്ദേഹം ഓരോ കാര്യത്തെയും സമീപിച്ചത്. ഫൈനല്‍ ജയിച്ച ശേഷം ആ മുഖത്ത് വിരിഞ്ഞ ചിരി കണ്ടപ്പോള്‍ എല്ലാവര്‍ക്കും വലിയ ആശ്വാസമായി.'' പിടിഐയോട് സംസാരിക്കവേ സൂര്യകുമാര്‍ പറഞ്ഞു.

ഗൗതം ഗംഭീറിന്റെ അപൂര്‍വ്വ നിമിഷം

കളിക്കാരനായിരുന്ന കാലത്തെ അതേ പോരാട്ടവീര്യം പരിശീലക കുപ്പായത്തിലും കാത്തുസൂക്ഷിക്കുന്ന ഗംഭീര്‍, വൈകാരിക പ്രകടനങ്ങള്‍ പൊതുവേ കുറവുള്ള വ്യക്തിയാണ്. തോല്‍വികളിലും വിജയങ്ങളിലും ഒരുപോലെ ഗൗരവക്കാരനായി കാണപ്പെടാറുള്ള അദ്ദേഹം, അഹമ്മദാബാദിലെ ലോകകപ്പ് വിജയത്തിന് ശേഷം തന്റെ ആ ശൈലിയില്‍ നിന്ന് അല്‍പം മാറി ചിന്തിച്ചു. ഓരോ മത്സരത്തെയും വലിയൊരു പോരാട്ടമായി കാണുന്ന ഗംഭീറിന്റെ ആ ചിരി സോഷ്യല്‍ മീഡിയയിലും തരംഗമായി.

ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി ധോണിയുടെ പോസ്റ്റ്

ഫൈനല്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപി ബോക്‌സില്‍ രോഹിത് ശര്‍മ്മയ്ക്കും ജയ് ഷായ്ക്കുമൊപ്പം എം എസ് ധോണിയുമുണ്ടായിരുന്നു. ഗംഭീറിന്റെ ചിരിയെ പ്രശംസിച്ചുകൊണ്ട് ധോണി പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. ''കോച്ച് സാബ്, ആ ചിരി നിങ്ങളില്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. ഗൗരവവും ചിരിയും ചേര്‍ന്നുള്ള ആ കോംബോ മാരകമാണ്. അഭിനന്ദനങ്ങള്‍.'' ധോണി കുറിച്ചു. ഗംഭീറിന്റെ കര്‍ക്കശമായ പരിശീലന രീതികള്‍ക്കുള്ള അംഗീകാരമായിരുന്നു ഈ ലോകകപ്പ് വിജയം. കളിക്കാരോട് വലിയ തോതിലുള്ള തീവ്രത ആവശ്യപ്പെട്ട ഗംഭീറിന്, അതേ വീര്യത്തോടെ തന്നെ അവര്‍ കിരീടം സമ്മാനിച്ചു.

YouTube video player