തന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് ധാരണയില്ലെന്ന് സൂര്യകുമാര്‍ യാദവ്. കൈത്തണ്ടയ്ക്ക് പരിക്കുണ്ടായിരുന്നെങ്കില്‍ ഫ്ലിക്ക് ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്താനായില്ലെങ്കിലും കഠിനാധ്വാനം തുടരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
മുംബൈ: തന്റെ ഫിറ്റ്നസിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തനിക്ക് കൈത്തണ്ടയ്ക്ക് പരിക്കേറ്റെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ശക്തമായി തള്ളിയ താരം, തന്റെ ബാറ്റിങ് ശൈലി തന്നെ താന്‍ പൂര്‍ണ ഫിറ്റാണെന്നതിന് തെളിവാണെന്ന് വ്യക്തമാക്കി. ഐപിഎല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് മോശം ഫോമിലൂടെയും പരിക്കിന്റെ വാര്‍ത്തകളിലൂടെയും കടന്നുപോയ ഒരു കഠിനമായ ഐപിഎല്‍ സീസണിനെക്കുറിച്ച് താരം മനസ്സ് തുറന്നത്.

സൂര്യയുടെ വാക്കുകള്‍... ''ആദ്യമേ തന്നെ എനിക്ക് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കൈത്തണ്ടയിലെ പരിക്കിനെക്കുറിച്ച് സംസാരിക്കുന്നവര്‍ ഒന്നുകില്‍ വെറും ഫിസിയോമാരായിരിക്കണം, അല്ലെങ്കില്‍ ക്രിക്കറ്റ് എന്തെന്ന് അറിയാത്തവരായിരിക്കണം. കാരണം, എനിക്ക് ശരിക്കും അങ്ങനെയൊരു പരിക്കുണ്ടായിരുന്നെങ്കില്‍, ഫ്‌ളിക്ക് ഷോട്ടുകള്‍ എനിക്ക് കളിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫ്‌ളിക്ക് ഷോട്ടുകള്‍, പ്രത്യേകിച്ച് പൂര്‍ണമായും കൈത്തണ്ടയുടെ കരുത്തിനെയും കണ്ണ്-കൈ ഏകോപനത്തെയും ആശ്രയിച്ചുള്ളവയാണ്.'' സൂര്യകുമാര്‍ പറഞ്ഞു.
പുറത്തുനിന്നുള്ള വിമര്‍ശനങ്ങളേക്കാള്‍ തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി താന്‍ നേരിടുന്ന കഠിനമായ ഘട്ടത്തെക്കുറിച്ചും താരം സംസാരിച്ചു. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും തന്റെ കഠിനാധ്വാനത്തിലും പ്രതിബദ്ധതയിലും ഒരു കുറവും വരുത്തിയിട്ടില്ലെന്ന് 35-കാരനായ താരം വ്യക്തമാക്കി.
സൂര്യ തുടര്‍ന്നു... ''വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഈ സീസണിലുടനീളം ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡ് പരമ്പരയില്‍ ഞാന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് ആയിരുന്നു. പിന്നീട് ലോകകപ്പിലും എന്റെ അഭിപ്രായത്തില്‍ ഞാന്‍ നന്നായി കളിച്ചു. അതിനുശേഷമാണ് ഐപിഎല്‍ വരുന്നത്. ഐപിഎല്ലില്‍ എനിക്ക് റണ്‍സ് നേടാനായില്ല എന്നത് സത്യമാണ്, പക്ഷേ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് ഒരിക്കലും നിര്‍ത്തിയിട്ടില്ല. പ്രകടനം എപ്പോഴും ഉറപ്പുനല്‍കാന്‍ കഴിയില്ല, എന്നാല്‍ കഠിനാധ്വാനം നമ്മുടെ കൈകളിലാണ്. വിജയം വന്നാല്‍ സന്തോഷം, വന്നില്ലെങ്കിലും കുഴപ്പമില്ല, വീണ്ടും പോരാടും.'' സൂര്യകുമാര്‍ പറഞ്ഞു.

