ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ടിവിയില്‍ കാണുന്ന സുശാന്തിന്റെ വീഡിയോ ആണ് ആരാധകരുടെ മനസില്‍ വീണ്ടും താരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയിരിക്കുന്നത്.

മുംബൈ: അകാലത്തില്‍ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിനെക്കുറിച്ചുള്ള ഓര്‍മകളിലാണ് സിനിമയെയും ക്രിക്കറ്റിനെയും സ്നേഹിക്കുന്ന ആരാധകരിപ്പോഴും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എം എസ് ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയെന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ ധോണിയെ അവിസ്മരണീയനാക്കിയതിലൂടെ ക്രിക്കറ്റ് ആരാധകരുടെയും ഇഷ്ടതാരമായി മാറിയിരുന്നു സുശാന്ത്.

അതുകൊണ്ടുതന്നെ, സുശാന്ത് മരിച്ചതിന് പിന്നാലെ സുശാന്തിന്റെ സിനിമയിലെയും ധോണിയുടെ ലോകകപ്പ് ഫൈനലിലെലെയും രംഗങ്ങള്‍ ചേര്‍ത്തുവെച്ച് നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ടിവിയില്‍ കാണുന്ന സുശാന്തിന്റെ വീഡിയോ ആണ് ആരാധകരുടെ മനസില്‍ വീണ്ടും താരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ടിവിയില്‍ കാണുന്ന സുശാന്ത് ഒരു പേനയും കടിച്ചുപിടിച്ച് മടിയില്‍ ഒരു ബുക്കും വെച്ച് ടിവിയിലേക്ക് കണ്ണുനട്ടിരിക്കുന്നതും കൈകള്‍കൊണ്ട് ആംഗ്യം കാണിക്കുന്നതും ഒടുവില്‍ ആവേശത്തോടെ ധോണി എന്ന് ഉറക്കെ വിളിച്ചുപറയുന്നതുമാണ് വീഡിയോയിലുള്ളത്. ഫിലിമിഗ്യാന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്.

View post on Instagram