രണ്ട് പേര്‍ മാത്രം രണ്ടടക്കം കടന്ന ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയാണ് ടോപ് സ്കോററായത്.

മക്കായ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് ബംഗ്ലാദേശിന് കടവും പലിശയും ചേര്‍ത്ത് തിരിച്ചുകൊടുത്ത് ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ വെറും 210 റണ്‍സിന് പുറത്തായിട്ടും രണ്ട് ഇന്നിംഗ്സിലും ബംഗ്ലാദേശിനെ 100 കടക്കാൻ അനുവദിക്കാതെ ഓള്‍ ഔട്ടാക്കിയ ഓസീസ് ഇന്നിംഗ്സിനും 51 റണ്‍സിനും ജയിച്ച് രണ്ട് മത്സര പരമ്പര സമനിലയാക്കി(1-1).ആദ്യ ഇന്നിംഗ്സില്‍ വെറും 64 റണ്‍സിന് പുറത്തായ ബംഗ്ലാദേശിനെ രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സിന് പുറത്താക്കിയാണ് ഓസീസ് ജയിച്ചു കയറിയത്.സ്കോര്‍ ബംഗ്ലാദേശ്-64,95, ഓസ്ട്രേലിയ 210.

രണ്ട് ഇന്നിംഗ്സിലുമായി ബംഗ്ലാദേശ് 72.3 ഓവറുകള്‍ മാത്രമാണ് ബാറ്റ് ചെയ്തത്. രണ്ട് പേര്‍ മാത്രം രണ്ടടക്കം കടന്ന ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയാണ് ടോപ് സ്കോററായത്. 29 റണ്‍സുമായി മുഷ്ഫീഖുര്‍ റഹീം പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കമിന്‍സും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്തിരുന്ന സ്റ്റാര്‍ക്ക് മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.

ഡാര്‍വിനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 9 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ ബംഗ്ലാദേശിന്‍റെ നിഴല്‍ മാത്രമായിരുന്നു രണ്ടാം ടെസ്റ്റില്‍.ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് നിലയും പോയിന്‍റ് ശതമാനവും മെച്ചപ്പെടുത്തിയ ഓസീസ് ഫൈനൽ സാധ്യതകളും സജീവമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക