മാലപ്പടക്കം പോലെ 9 സിക്‌സുകള്‍, 66 പന്തില്‍ 125*; വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി സ്‌മിത്ത്
സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ സിഡ്‌നി സിക്‌സേര്‍സിനായി ഇന്ന് സ്‌മിത്ത് തകര്‍പ്പന്‍ ശതകം പൂര്‍ത്തിയാക്കി

സിഡ്‌നി: ട്വന്‍റി 20 ഫോര്‍മാറ്റ് വഴങ്ങില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് ചുട്ട മറുപടിയുമായി ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്. ബിഗ് ബാഷ് ട്വന്‍റി 20 ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വെടിക്കെട്ട് സെഞ്ചുറി സ്‌മിത്ത് നേടി.
സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ സിഡ്‌നി സിക്‌സേര്‍സിനായി ഇന്ന് സ്‌മിത്ത് തകര്‍പ്പന്‍ ശതകം പൂര്‍ത്തിയാക്കി. 56 പന്തില്‍ സെഞ്ചുറിയിലെത്തിയ സ്‌മിത്ത് 66 പന്തില്‍ അഞ്ച് ഫോറും 9 സിക്‌സും സഹിതം 125* റണ്‍സുമായി പുറത്താവാതെ നിന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു സ്റ്റീവിന്‍റെ ബാറ്റിംഗ് വിളയാട്ടം. കഴിഞ്ഞ മത്സരത്തില്‍ അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സിന് എതിരെ സ്‌മിത്ത് 56 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റണ്‍സെടുത്തിരുന്നു. രണ്ട് കളികളിലും സിക്‌സര്‍ നേടിയാണ് സ്‌മിത്ത് 100 തികച്ചത്.
സ്റ്റീവ് സ്‌മിത്ത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയപ്പോള്‍ സിഡ്‌നി സിക്‌സേര്‍സ് 19 ഓവറില്‍ രണ്ട് വിക്കറ്റിന് 187 റണ്‍സ് പടുത്തുയര്‍ത്തി. ഓപ്പണര്‍ ജോഷ് ഫിലിപ് 8 പന്തില്‍ 10 റണ്ണും മൂന്നാമന്‍ കര്‍ട്ടിസ് പീറ്റേഴ്‌സണ്‍ 4 പന്തില്‍ 2 ഉം റണ്ണുമായി മടങ്ങിയപ്പോള്‍ സ്റ്റീവ് സ്‌മിത്ത്, നായകന്‍ മൊയ്‌സസ് ഹെന്‍റിക്വസിനൊപ്പം സിക്‌സേര്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 155 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഹെന്‍റിക്വസ് 36 പന്തില്‍ 45* റണ്‍സ് നേടിയപ്പോള്‍ 66 പന്തില്‍ 125* റണ്‍സുമായി സ്‌മിത്തായിരുന്നു ബാറ്റിംഗിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ മത്സരം സിഡ്‌നി സിക്‌സേര്‍സ് 59 റണ്ണിന് വിജയിച്ചപ്പോള്‍ സ്‌മിത്തായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.