സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. കൊവിഡ് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മൂന്നാം ടെസ്റ്റ് മുന്‍നിശ്ചയ പ്രകാരം സിഡ്നിയില്‍ തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

സിഡ്നിയില്‍ അടുത്തിടെ കൊവിഡ് പടര്‍ന്നതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റിന്‍റെ പകരം വേദിയായി മെല്‍ബണെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെല്‍ബണില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷമാണ് മൂന്നാം ടെസ്റ്റിന് സിഡ്നി തന്നെ വേദായാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്.

ന്യൂസൗത്ത് വെയില്‍സില്‍ കൊവിഡ് പരിശോധന വ്യാപകമാക്കിയതും സമൂഹവ്യാപനത്തില്‍ കുറവു വന്നതുമാണ് സിഡ്നിയില്‍ തന്നെ മത്സരം നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്. സിഡ്നിയില്‍ നിന്ന് മൂന്നാം ടെസ്റ്റിനുശേഷം നാലാം ടെസ്റ്റിനായി ബ്രിസ്ബേനിലേക്ക് പോകുന്ന കളിക്കാരെ കര്‍ശന ക്വാറന്‍റീന്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കാമെന്ന അധികൃതരുടെ ഉറപ്പും സിഡ്നിയില്‍ തന്നെ മൂന്നാം ടെസ്റ്റ് നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രേരിപ്പിച്ച ഘടകമാണ്.

എന്നാല്‍ സിഡ്നിയില്‍ സ്ഥിതിഗതികള്‍ വീണ്ടും നിയന്ത്രണാതീതമായാല്‍ മത്സരം മെല്‍ബണില്‍ തന്നെ നടത്താനുള്ള സാധ്യത ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോഴും പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. മൂന്നാം ടെസ്റ്റ് ജനുവരി ഏഴിനാണ് തുടങ്ങേണ്ടത് എന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മതിയായ സമയമുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോ ജയം വീതം നേടിയ ഇരു ടീമും ഇപ്പോള്‍ 1-1 തുല്യത പാലിക്കുകയാണ്.