തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ത്രിപുരയെ 14 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചപ്പോള്‍ ത്രിപുരയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ് സക്സേനയാണ് ത്രിപുര‍യെ എറിഞ്ഞിട്ടത്.

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കേും വിഷ്ണു വിനോദിനെ(14) കേരളത്തിന് നഷ്ടമായി. തൊട്ടു പിന്നാലെ രാഹുല്‍(7) റണ്ണൗട്ടായി. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയും(19) രോഹന്‍ കുന്നുമേലും(30) ചേര്‍ന്ന് കേരളത്തെ 50 കടത്തി. ഉത്തപ്പ മടങ്ങിയശേഷമായിരുന്നു സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിംഗ്. 28 പന്തില്‍ നാലു സിക്സറും നാല് ബൗണ്ടറിയും പറത്തിയ സച്ചിന്‍ 58 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ മുഹമ്മദ് അസറുദ്ദീനും(25), ബേസില്‍ തമ്പിയും(12 പന്തില്‍ 22) നടത്തിയ വെടിക്കെട്ട് കേരളത്തെ 191ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ച ത്രിപുര കേരളത്തെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കി. ഉദിയന്‍ ബോസ്(27)ക്യാപ്റ്റന്‍ മണി ശങ്കര്‍ മുരാസിംഗ്(27), തന്‍മയ് മിശ്ര(25) എന്നിവരെ കൂട്ടുപിടിച്ച് മിലിന്ദ് കുമാര്‍(36 പന്തില്‍ 54)  പൊരുതിയെങ്കിലും കേരളത്തിന്റെ സ്കോര്‍ മറികടക്കാനായില്ല. കേരളത്തിനായി ബേസില്‍ തമ്പി രണ്ടും നിഥീഷ്, മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്. രണ്ട് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള കേരളം നാലു പോയന്റുമായി ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്താണ്.