ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിനെ രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ (Syed Mushtaq Ali Trophy) മധ്യപ്രദേശിനെതിരായ (Madhya Pradesh) നിര്‍ണായക മത്സരത്തില്‍ കേരളത്തിന് (Keralam) 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിനെ രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിലാണ് തിളങ്ങിയത്.

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പടിദാറിന്റെ ഇന്നിംഗ്‌സ് മധ്യപ്രദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 

സരന്‍ ജെയ്ന്‍ (11), രാകേഷ് ഠാക്കൂര്‍ (പുറത്താവാതെ 13) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ഇന്ന് ജയിച്ചാല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്ത് ഒന്നാമതുണ്ട്. മധ്യപ്രദേശ് 12 പോയിന്റുമായി രണ്ടാം സ്ഥാനത്തും. എട്ട് പോയിന്റുള്ള കേരളം മൂന്നാമതാണ്.