മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടി നടരാജന്‍ കളിച്ചേക്കും. പരിക്കേറ്റ് ഉമേഷ് യാദവിന് പകരമാണ് നടരാജന്‍ കളിക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഡ്‌നിയില്‍ ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.   മെല്‍ബണില്‍ നടന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഉമേഷ് യാദവിന് പരിക്കേല്‍ക്കുന്നത്. 

നെറ്റ് ബൗളറായി മാത്രം ഓസ്‌ട്രേലിയയിലേക്ക് പറന്ന നടരാജന്‍ നേരത്തെ ടി20- ഏകദിന ജേഴ്‌സികളില്‍ അരങ്ങേറിയിരുന്നു. ഏകദിനത്തില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ടി20 പരമ്പരയിലേക്ക് വന്നപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ താരം വീഴ്ത്തി. 

നേരത്തെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ ഷാര്‍ദുള്‍ താക്കൂറിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താക്കൂറിനും പരിശീലനത്തിനിടെ പരിക്കേറ്റു. നവ്ദീപ് സൈനി ടെസ്റ്റ് ടീമിനൊപ്പം ഉണ്ടെങ്കിലും നടരാജന്‍ കളിക്കുമെന്നാണ് ബിസിസിയുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിടുന്നത്.

നേരത്തെ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റപ്പോഴാണ് നടരാജനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏകദിനത്തില്‍ മുഹമ്മദ് ഷമിക്ക് പകരവും ടീമിലെത്തി. ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ഓസ്‌ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.