ഡെത്ത് ഓവറുകളില്‍ ഫലപ്രദമായി ഇന്ത്യ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പരിക്കും കൊവിഡിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് മുടങ്ങിയതും നടരാജന് തിരിച്ചടിയായി. പരിക്കിന് ശേഷം തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് (BCC) ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച പേസറായിരുന്നു ടി നടരാജന്‍ (T Natarajan). യോര്‍ക്കറുകള്‍ എറിയാനുള്ള കരുത്ത് നടരാജനെ വേറിട്ടുനിര്‍ത്തി. ഡെത്ത് ഓവറുകളില്‍ ഫലപ്രദമായി ഇന്ത്യ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പരിക്കും കൊവിഡിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് മുടങ്ങിയതും നടരാജന് തിരിച്ചടിയായി. പരിക്കിന് ശേഷം തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 

എന്നാല്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് പേസര്‍. മാത്രമല്ല, ഐപിഎല്‍ മത്സരങ്ങളും 30കാരന് തിരിച്ചവരവിനുള്ള വേദിയൊരുക്കിയേക്കും. ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടരാജന്‍. ''ഐപിഎല്‍ മെഗാതാരലേലത്തെ കുറിച്ചോ, മറ്റൊരു ടി20 ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ കരുത്തില്‍ മാത്രമാണ് ചിന്തിക്കുന്നത്. ഇപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ബാക്കിയുള്ളതെല്ലാം എനിലേക്ക് വന്നുചേരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നീണ്ട കാലയളവിന് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. നന്നായി പന്തെറിയുക മാത്രമാണ് ലക്ഷ്യം.'' നടരാജന്‍ വ്യക്തമാക്കി.

''ഇന്ത്യന്‍ ടീമിലെത്തും മുമ്പ് ഞാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തിരിച്ചുവരുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിഞ്ഞാല്‍ എനിക്ക് പഴയത് പോലെ പന്തെറിയാന്‍ കഴിയുമെന്നാണ് വിശ്വാസം. എനിക്ക് സമ്മര്‍ദ്ദമൊന്നുമില്ല. മാനസികമായി ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പഴയത് പോലെ കട്ടറുകളും യോര്‍ക്കറുകളും എന്നില്‍ നിന്ന് പ്രതീക്ഷിക്കാം.'' നടരാജന്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു നടരാജന്‍. 2018 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തി. അന്ന് മൂന്ന് ഫോര്‍മാറ്റിലും താരം കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുര്‍ന്ന് കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. കഴിഞ്ഞ ഐപിഎല്‍ സീസണും നഷ്ടമായി. ഇത്തവണ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി കളിച്ചെങ്കിലും വിജയ് ഹസാരെയില്‍ കളിക്കാനായില്ല. പുതിയ ഐപിഎല്‍ മെഗാ താരലേലം നടക്കാനിരിക്കെ ഒരു കോടിയാണ് താരത്തിന്റെ അടിസ്ഥാന വില.