സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ടി20 പരമ്പര നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ടി നടരാജന്‍. മൂന്ന് മത്സരങ്ങളില്‍ ആറ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒരുപാട് മുന്‍ താരങ്ങളുടെയും സഹതാരങ്ങളുടെയും പ്രശംസയേറ്റുവാങ്ങിയ താരം ഇന്ത്യയുടെ ഭാവി പദ്ധതികളുടെ ഭാഗമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. നെറ്റ് ബൗളറായിട്ടാണ് നടരാജന്‍ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്തത്. എന്നാല്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി താരത്തെ ടീമിലെടുക്കുകയായിരുന്നു. അവസരം ശരിക്കും ഉപയോഗിച്ച നടരാജന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.

ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടരാജന്‍. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തികുമായി മത്സരശേഷം സംസാരിക്കുകയായിരുന്നു. തമിഴിലായിരുന്നു ഇരുവരുടെയും സംസാരം. നടരാജന്‍ പറയുന്നതിങ്ങനെ... ''ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഞാന്‍ നെറ്റ് ബൗളറായിട്ടാണ് ടീമിനൊപ്പം. എന്റെ ജോലി മനോഹരമായി തീര്‍ക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ ടീമിലെ മറ്റൊരു താരത്തിന് പരിക്കേറ്റപ്പോള്‍ എനിക്ക് അവസരം തെളിഞ്ഞു. അവസരം ഉപയോഗിക്കുക എന്ന് മാത്രമാണ് മനസിലുണ്ടായിരുന്നത്. 

ഐപിഎല്ലിലെ മികച്ച ഫോം എനിക്ക് ഗുണം ചെയ്തു. മാത്രമല്ല, പിന്തുണയ്ക്കാനും പ്രചോദനം നല്‍കാനും ഒരുപാട് പേരുണ്ടായിരുന്നു. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത് ഇതെല്ലാമാണ്. ഓഫ് കട്ടറും യോര്‍ക്കറുമാണ് എന്റെ കരുത്ത്. പിന്നീട് പിച്ച്് ആവശ്യപ്പെടുന്നതിന് അനുസരിച്ച് പേസില്‍ മാറ്റം വരുത്തികൊണ്ടിരുന്നു. പിച്ചിന്റെ സ്വഭാവം എന്താണെന്ന് ഞാന്‍ വിക്കറ്റ് കീപ്പറോടും ക്യാപ്റ്റനോടും ചോദിച്ചു മനസിലാക്കുമായിരുന്നു. എന്റെ ഡെത്ത് ബൗളിങ് കഴിവിനെ കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. യോര്‍ക്കറുകളും സ്ലോ പന്തുകളുമാണ് കൂടുതല്‍ ഉപയോഗിച്ചത്. കൂടുതല്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല.'' നടരാജന്‍ പറഞ്ഞു. 

എന്തുകൊണ്ടാണ് ഗ്രൗണ്ടില്‍ ആക്രമണോത്സുകത കാണിക്കാത്തതെന്ന് കാര്‍ത്തികിന്റെ ചോദ്യത്തിന് നടരാജന്‍ പറഞ്ഞ മറുപടി രസകരമായിരുന്നു. ''ഞാനൊരിക്കലും ആക്രമണോത്സുകത കാണിക്കുന്ന ഒരാളല്ല. ഒരുപാട് പേര് എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഗ്രൗണ്ടിലും ശാന്തനായി ഇരിക്കുന്നതെന്ന്. ഇതിന്റെ മറുപടി എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചിരി മാത്രമാണ് മറുപടി നല്‍കാറ്.'' നടരാജന്‍ പറഞ്ഞു.